പട്ടിക്കാട്. കൊടും വേനലിൽ കാട്ടുതീ സംഹാരതാണ്ഡവമാടിയപ്പോൾ അതിനെ വരുതിയിലാക്കാൻ ഏതാനും ദിവസങ്ങളായി കഠിന പ്രയത്നത്തിലായിരുന്നു ഫയർ വാച്ചർമാരും വനപാലകരും. ജനവാസ മേഖലകളെ വിഴുങ്ങുന്നതിനു മുമ്പ് കാട്ടുതീ അണയ്ക്കാൻ വേണ്ടി അവർ നടത്തിയ പോരാട്ടം ഒടുവിൽ ഫലം കണ്ടിരിക്കുകയാണ്. ഇതിനിടെ വനാതിർത്തിയോട് ചേർന്ന് 5 കിലോമീറ്ററോളം കാട് തീ കവർന്നിരുന്നു. പട്ടിക്കാട്, വാണിയംപാറ, പൊങ്ങണംകാട് തുടങ്ങിയ ഫോറസ്റ്റ് സ്റ്റേഷനുകളുടെ പരിധിയിയിലെ വിവിധ മേഖലകളിലും പാണഞ്ചേരി പഞ്ചായത്തിൽ ഉൾപ്പെടുന്ന കുതിരാൻ, വഴുക്കുംപാറ, തോണിക്കൽ, മൂടൽ, കള്ളിപ്പാറ, വീരപ്പൻപാടം, മയിലാട്ടുംപാറ എന്നീ പ്രദേശങ്ങളിലും കാട്ടുതീ വ്യാപകമായിരുന്നു.
ഫെൻസിങ് വാച്ചർമാരും ആന വാച്ചർമാരുമായ ജിബി ജോൺ, ക്ലിൻസ്, മധു, ആന്റോ എന്നിവർ അടങ്ങുന്ന ഒമ്പത് പേരും പുതിയതായി എടുത്ത ഫയർ വാച്ചർമാരും വനം വകുപ്പ് ഉദ്യോഗസ്ഥരും കഴിഞ്ഞ 15 ദിവസങ്ങളായി കാട്ടുതീയണക്കാൻ നെട്ടോട്ടമോടുകയായിരുന്നു. തീ അണയ്ക്കാൻ നടത്തിയ പരിശ്രമങ്ങൾക്കിടെ പലർക്കും പൊള്ളലേറ്റും കാൽമുറിഞ്ഞും പരിക്കേറ്റിട്ടുണ്ട്. എന്നാൽ അതിനെയൊന്നും വകവയ്ക്കാതെ ഇവർ നടത്തിയ പ്രവർത്തനങ്ങളാണ് മലയോര മേഖലയായ പാണഞ്ചേരിയുടെയും സമീപപ്രദേശങ്ങളുടെയും ആശങ്കകൾ അകറ്റിയത്. ഒടുവിൽ കാട്ടുതീ മുട്ടുമടക്കി തുടങ്ങിയിരിക്കുന്നു. അഗ്നി രക്ഷാ സേനയ്ക്ക് കടന്നത്താൻ കഴിയാത്ത വനമേഖലകളിൽ ഫയർലൈൻ തെളിച്ചും ബ്ലോവർ ഉപയോഗിച്ചുമാണ് കാട്ടുതീയോട് ഏറ്റുമുട്ടിയത്. പോരായ്മകൾ മാത്രം ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്തലുകൾ നേരിടുമ്പോഴും ജീവൻ പണയം വെച്ച് നടത്തിയ പോരാട്ടങ്ങളുടെ ഫലം തെളിഞ്ഞ സംതൃപ്തിയായി ഇവരുടെ മുഖത്തുണ്ട്.
പട്ടിക്കാട് റെയിഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ തീ പടർന്നു പിടിച്ചപ്പോൾ ഊണും ഉറക്കവും ഉപേക്ഷിച്ച് തീയണക്കാൻ ഉള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ഓടി നടക്കുകയായിരുന്നു പട്ടിക്കാട് ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ടി.കെ ലോഹിതാക്ഷൻ. ഫണ്ടിന്റെ അപര്യാപ്തത പരിഗണിക്കാതെ തങ്ങൾക്ക് മൂന്ന് നേരം ഭക്ഷണവും വെള്ളവും സ്വന്തം പോക്കറ്റിൽ നിന്ന് പണം കണ്ടെത്തിയാണ് അദ്ദേഹം നൽകിയിരുന്നതെന്ന് വാച്ചർമാർ പറഞ്ഞു.
തീ അണയ്ക്കുന്നതുവരെ ദിവസങ്ങളോളം രാവും പകലും കാട്ടിൽ തങ്ങളോടൊപ്പം അദ്ദേഹം ഉണ്ടായിരുന്നുവെന്നും അവർ പറഞ്ഞു. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഇവർ നടത്തിയ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. വാച്ചർമാർക്കൊപ്പം റെയിഞ്ച് ഓഫീസർ പി രാജീവ്, ഫോറസ്റ്റർമാരായ സാലി, അജി ഫോറസ്റ്റ് ഗാർഡുമാരായ ജോമോൻ, ഗിരീഷ്, വനിതാ ഗാർഡുമാരായ ശ്രീലക്ഷ്മി, ശ്രുതി, വാച്ചർ കൃഷ്ണൻ തുടങ്ങിയ വനം വകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും ഒന്നിച്ചു നടത്തിയ പരിശ്രമത്തിനൊടുവിലാണ് കാട്ടുതീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത്.



0 Comments