പട്ടിക്കാട്. കോൺഗ്രസിന്റെ അഖിലേന്ത്യ നേതാവായ രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കിയ കേന്ദ്രസർക്കാരിന്റെ ധിക്കാരപരമായ തീരുമാനത്തിൽ പ്രതിഷേധിച്ച് പാണഞ്ചേരി പീച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പട്ടിക്കാടിലെ രാജീവ് ഭവനിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം പീച്ചി റോഡ്, പട്ടിക്കാട് സെൻറർ, പഞ്ചായത്ത് ഓഫീസ് എന്നീ സ്ഥലങ്ങൾ ചുറ്റി പട്ടിക്കാട് സെൻററിൽ എത്തി സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം മിൽമ ഡയറക്ടർ ബോർഡ് അംഗം ഭാസ്‌കരൻ ആദംകാവിൽ ഉദ്ഘാടനം ചെയ്തു. കുത്തക മുതലാളിമാരുടെ ചിലവിൽ കഴിയുകയും ഇന്ത്യയെ അവർക്ക് വിറ്റുതുലയ്ക്കുകയും ചെയ്യുന്ന നരേന്ദ്ര മോദി ഇന്ത്യ എന്ന മഹാരാജ്യത്തിന് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു. പീച്ചി മണ്ഡലം പ്രസിഡന്റ് ബാബു തോമസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി. അഭിലാഷ് മുഖ്യ പ്രഭാഷണം നടത്തി. പാണഞ്ചേരി മണ്ഡലം പ്രസിഡൻറ് കെ.പി. ചാക്കോച്ചൻ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ബിന്ദു ബിജു, റീനാ മേരി, മുൻ മണ്ഡലം പ്രസിഡന്റ് ഷിബു പോൾ തുടങ്ങി മണ്ഡലം ബ്ലോക്ക് നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു.


0 Comments