പാണഞ്ചേരിയിൽ സിപിഎം പോഷക സംഘടനകൾ കാൽനട പ്രചരണ ജാഥ നടത്തി


പട്ടിക്കാട്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഏപ്രിൽ 5 ന് പാർലമെന്റിനു മുന്നിലേക്ക് അഖിലേന്ത്യ കിസാൻ സഭ, സി.ഐ.ടി.യു, കെ.എസ്.കെ.ടി.യു. എന്നി സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന സംയുക്ത പാർലമെന്റ് മാർച്ചിന് മുന്നോടിയായുളള പ്രചാരണ പരിപാടിയുടെ ഭാഗമായി പാണഞ്ചേരിയിൽ സിപിഎം പോഷക സംഘടനകളുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു. താണിപ്പാടം സെന്ററിൽ നടന്ന പരിപാടി സിപിഎം ഏരിയ കമ്മിറ്റി അംഗം എം.എം. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് ജാഥ ക്യാപ്റ്റൻ മാത്യു നൈനാൻ, വൈസ് ക്യാപ്റ്റൻ കെ.വി. ചന്ദ്രൻ, മാനേജർ കെ.എ. സുരേന്ദ്രൻ എന്നിവർക്ക് പദയാത്രയുടെ പതാക കൈമാറി. 

തൊഴിലാളികളുടെ മിനിമം വേതനം പ്രതിമാസം 26000 രൂപയും എല്ലാവർക്കും പതിനായിരം രൂപ പെൻഷനും ഉറപ്പുവരുത്തുക,  കരാർവൽക്കരണം അവസാനിപ്പിക്കുക, അഗ്‌നിപഥ് സ്‌കീം റദ്ദാക്കുക, സംഭരണം ഉറപ്പാക്കിക്കൊണ്ട് മിനിമം താങ്ങുവില നിയമപരമായി ഉറപ്പാക്കുക, എല്ലാ ദരിദ്ര ഇടത്തരം കർഷകർക്കും കർഷക തൊഴിലാളികൾക്കും ഒറ്റത്തവണ വായ്പ ഇളവ് അനുവദിക്കുകയും 60 കഴിഞ്ഞ എല്ലാവർക്കും പെൻഷൻ ഉറപ്പുവരുത്തുകയും ചെയ്യുക, തുടങ്ങി പതിനാലോളം ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പാർലമെൻറിനു മുൻപിൽ സംയുക്ത മാർച്ച് സംഘടിപ്പിച്ചിട്ടുള്ളത്. 

താണിപ്പാടത്ത് നിന്നും ആരംഭിച്ച കാൽനട പ്രചരണ ജാഥ പട്ടിക്കാട് സെന്ററിൽ നിന്നും ആദ്യ സ്വീകരണം ഏറ്റുവാങ്ങി. തുടർന്ന് പീച്ചി, എടപ്പലം, ആൽപ്പാറ, കമ്പനിപ്പടി, എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി കണ്ണാറയിൽ എത്തി സമാപിച്ചു. തുടർന്ന് കണ്ണാറയിൽ നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം പി.എസ് വിനയൻ ഉദ്ഘാടനം ചെയ്തു. എം ബാലകൃഷ്ണൻ, ഷീല അലക്‌സ്, സി.എം. ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു. നേതാക്കളായ ഇ.എം. വർഗീസ്, സുബിൻ പയ്യനം, പി.ആർ. പ്രതാപൻ, ബൈജു കൂട്ടാല, കുര്യാക്കോസ് കണ്ണാറ, സാബു എം.പി., പി.വി. സുദേവൻ, സി.എസ്. വിൽസൺ, അജി പി.ജെ., ബാലൻ വഴുക്കുംപാറ, ബിജു വർഗീസ്, സാവിത്രി സദാനന്ദൻ, ഇ.ടി. ജലജൻ, കെ.കെ. ഷൂജൻ എന്നിവരും നിരവധി തൊഴിലാളികളും ജാഥയിൽ പങ്കെടുത്തു.



Post a Comment

0 Comments