പീച്ചി. ഐയുസിഎൻ കമ്മീഷൻ ഓൺ ഇക്കോസിസ്റ്റം മാനേജ്‌മെന്റും കേരള വനഗവേഷണ കേന്ദ്രവും സംയുക്തമായി വനഗവേഷണ കേന്ദ്രത്തിന്റെ പീച്ചി കാമ്പസിൽ അന്താരാഷ്ട്ര ശിൽപശാല ആരംഭിച്ചു. ശിൽപശാലയുടെ ഉദ്ഘാടനം കേരള ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രൊഫ. കെ. പി. സുധീർ നിർവ്വഹിച്ചു. തമിഴ്‌നാട് മുൻ ഫോറസ്റ്റ് ഫോഴ്‌സ് മേധാവിയും, തമിഴ്‌നാട് പരിസ്ഥിതി ആഘാത നിർണ്ണയ അതോറിറ്റി ചെയർമാനുമായ ഡോ. എൻ. കൃഷ്ണകുമാർ ഐഎഫ്എസ്, കേരള വന ഗവേഷണ സ്ഥാപനം ഡയറക്ടർ ഡോ ശ്യം വിശ്വനാഥ്, ഐയുസിഎൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സ്റ്റുവർട്ട് മാഗിനിസ്, കമ്മീഷൻ ചെയർ ആഞ്ചല ആൻഡ്രേഡ്, കേരള വന ഗവേഷണ സ്ഥാപനം റിസർച്ച് കോഡിനേറ്റർ വി. അനിത എന്നിവർ പ്രസംഗിച്ചു.
'ഏഷ്യയിലെ പരിസ്ഥിതിക്ക് ഊന്നൽ നൽകുന്ന പരിസ്ഥിതി വ്യവസ്ഥകളും പ്രകൃതി അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങളും' എന്ന വിഷയത്തിലാണ് ശിൽപശാല സംഘടിപ്പിച്ചിട്ടുള്ളത്. ഏഷ്യയിലെ വിവിധ ആവാസവ്യവസ്ഥകളിലെ വിദഗ്ധരെയും പങ്കാളികളെയും ഉൾകൊള്ളിച്ചുകൊണ്ട് നാശോൻമുഖമാവുന്ന ആവാസവ്യവസ്ഥകളെ പുനരുജ്ജീവിപ്പിക്കേണ്ടതിന് പ്രകൃതി അടിസ്ഥാനമാക്കിയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അവലംബിക്കുന്നതിനായുള്ള പരിപാടികൾ ആസൂത്രണം ചെയ്യുകയാണ് ഈ ശിൽപശാലയുടെ പ്രധാന ഉദ്ദേശമെന്ന് സംഘാടകർ അറിയിച്ചു. ഇതിൽ കേരളത്തിലെയും പശ്ചിമഘട്ടത്തിലെയും കണ്ടൽകാടുകൾ, ചോലവനങ്ങൾ, പുൽമേടുകൾ, നീർത്തടങ്ങൾ തുടങ്ങിയവ ഉൾപ്പെടും. കെഎഫ്ആർഐയുടെ സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളുടെ തുടക്കും കൂടിയാണ് ഈ അന്താരാഷ്ട്ര ശിൽപശാല.
0 Comments