പട്ടിക്കാട്. കെട്ടിട നിർമ്മാണ തൊഴിലാളികളുടെ പെൻഷനും ആനുകൂല്യങ്ങളും ഇപ്പോൾ മുടങ്ങിക്കിടക്കുകയാണെന്നും സെസ് പിരിച്ചെടുത്ത് ക്ഷേമനിധി കുടിശികകളും പെൻഷനും വിതരണം ചെയ്യാൻ സർക്കാർ മുൻകൈ എടുക്കണമെന്നും എഐടിയുസി ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ പറഞ്ഞു. കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ എഐടിയുസി വടക്കൻ മേഖല ജാഥക്ക് പട്ടിക്കാട് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെക്രട്ടറിയേറ്റിനു മുന്നിൽ നടത്താനിരിക്കുന്ന പഞ്ചദിന സത്യാഗ്രഹത്തിന് മുന്നോടിയായാണ് ജാഥ സംഘടിപ്പിച്ചിട്ടുള്ളത്. ജാഥ ഇന്ന് മാളയിൽ സമാപിക്കും. സിപിഐ ഒല്ലൂർ മണ്ഡലം സെക്രട്ടറി പി.ഡി. റെജി, എഐടിയുസി ഒല്ലൂർ മണ്ഡലം സെക്രട്ടറി എം.ഇ. എൽദോ, മണ്ഡലം പ്രസിഡന്റ് കെ.എ. അബൂബക്കർ, കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ മണ്ഡലം സെക്രട്ടറി കെ.എസ്. വിനോദ്, സിപിഐ ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ, ഷിജോൺ പട്ടിക്കാട്, കെ.വി. മണി, തങ്കമണി, സുബൈദ അബൂബക്കർ, രമ്യ രാജേഷ് തുടങ്ങിയവർ സംസാരിച്ചു. വിവിധ യൂണിറ്റുകളും മേഖല കമ്മിറ്റികളും ജാഥയ്ക്ക് സ്വീകരണം നൽകി.


0 Comments