ഹൈവേയിലെ യാത്രാ ദുരിതം പരിഹരിക്കണം: പ്രധാനമന്ത്രിക്ക് കത്തയച്ച് എട്ടാം ക്ലാസുകാരി അമൃത

വാണിയംപാറ. ദേശീയപാതയിലെ യാത്രാ ദുരിതങ്ങൾ അക്കമിട്ട് നിരത്തി പ്രധാനമന്ത്രിക്ക് കത്തയച്ച് എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചിരിക്കുകയാണ് എട്ടാം ക്ലാസുകാരിയായ അമൃത കെ ജയകുമാർ. അമൃതയുടെ കത്ത് പരിഗണിച്ച പ്രധാനമന്ത്രിയുടെ ഓഫീസ് കത്ത് ദേശീയപാത അതോറിറ്റിക്ക് കൈമാറി.  പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പ് നൽകി ദേശീയപാത അതോറിറ്റിയിൽ നിന്നും അമൃതയ്ക്ക് മറുപടിക്കത്തും എത്തി. മണ്ണുത്തി- വടക്കുഞ്ചേരി ദേശീയ പാതയിൽ വാണിയമ്പാറ മേഖലയിൽ റോഡ് മുറിച്ച് കടക്കുന്നതിന് ബുദ്ധിമുട്ടനഭുവിക്കുന്ന വിദ്യാർത്ഥികളുൾപ്പടെയുള്ള യാത്രക്കാരുടെ പ്രയാസങ്ങൾ കത്തിൽ അമൃത വിശദീകരിച്ചിരുന്നു.  അടിപ്പാതയുടെയും സർവീസ് റോഡിന്റെയും നിർമ്മാണം ഉടൻ പൂർത്തീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായി വാണിയംപാറ അടിപ്പാതയുടെയും സർവ്വീസ് റോഡുകളുടെയും നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കുമെന്ന് ഉറപ്പ് നൽകി പ്രൊജക്ട് ഡയറക്ടർ ബിപിൻ മധുവാണ് അമൃതയ്ക്ക് മറുപടി അയച്ചത്.

മണ്ണുത്തി ഡോൺ ബോസ്കോ സ്കൂൾ വിദ്യാർത്ഥിനിയായ അമൃത കേരള കാർഷിക സർവ്വകലാശാല ഉദ്യോഗസ്ഥനായ  വാണിയംപാറ കോഴിത്തൊടി കെ.എസ്. ജയകുമാറിന്റെയും സജിതയുടെയും മകളാണ്. വാണിയമ്പാറ ഗ്രാമീണ വായനശാല ബാലവേദിയുടെ സെക്രട്ടറി കൂടിയാണ് ഈ കൊച്ചു മിടുക്കി.



Post a Comment

0 Comments