മഞ്ഞക്കുന്ന് തെക്കുംപാടം മേഖലകളിൽ വീണ്ടും കാട്ടാന ഇറങ്ങി: ആയിരത്തോളം വാഴകൾ നശിപ്പിച്ചു.


പട്ടിക്കാട്. പാണഞ്ചേരിയുടെ മലയോര മേഖലകളിൽ കാട്ടാനകളിറങ്ങി വീണ്ടും കൃഷി നശിപ്പിച്ചു.  തെക്കുംപാടം കരുമത്തിൽ മാധവന്റെ കൃഷിയിടത്തിലാണ് ഞായറാഴ്ച രാത്രി കാട്ടാന ഇറങ്ങിയത്. ആയിരത്തോളം വാഴകളാണ് കഴിഞ്ഞ ഒരാഴ്ചയായി കാട്ടാനകൾ ഈ മേഖലയിൽ നശിപ്പിച്ചിട്ടുള്ളത്. 3 ആനകളാണ് സ്ഥിരമായി ഇവിടെ എത്തുന്നത് എന്ന് ഫോറസ്റ്റ് വാച്ചർ സജി പറഞ്ഞു. തെക്കുംപാടം മുതൽ മയിലാട്ടുംപാറ വരെയുള്ള മലയോര മേഖലയിൽ മുപ്പതോളം ആനകൾ വിവിധ ഭാഗങ്ങളിലായി കൃഷികൾ നശിപ്പിക്കുന്നതായും ഇവ ഫോറസ്റ്റ് വാച്ചർമാരെ ഉപദ്രവിക്കാൻ പലതവണ ശ്രമിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. 

വനമേഖലകളിൽ കാട്ടുതീ പടർന്നു പിടിക്കുന്ന സമയമായതിനാൽ ഫയർ ലൈൻ ജോലികളുമായി വനംവകുപ്പ് ജീവനക്കാർ കാടിനുള്ളിൽ ആണെന്ന കാരണത്താൽ നിലവിൽ ആനവാച്ചർ മാരുടെ സേവനം ലഭിക്കുന്നില്ല എന്ന് കർഷകർ പരാതിപ്പെട്ടു.  കാട്ടാനക്കൂട്ടം കാർഷിക വിളകൾ നശിപ്പിക്കുന്നതു മൂലം വലിയ സാമ്പത്തിക നഷ്ടമാണ് കർഷകർ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മഞ്ഞക്കുന്ന്, തെക്കുംപാടം, മയിലാട്ടുംപാറ എന്നിവിടങ്ങളിൽ കാട്ടാനകൾ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നുണ്ട്. വിവരമറിഞ്ഞ് എത്തുന്ന വനപാലകരും ഫയർ വാച്ചർമാരും ചേർന്ന് ആനകളെ തിരികെ കാട്ടിലേക്ക് കയറ്റി വിടുകയാണ് പതിവ്. 

മൂന്നുമാസത്തോളമായി മലയോര മേഖലകളിൽ ആനവാച്ചർ മാരുടെ സേവനം ലഭിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. ഫണ്ടിന്റെ അപര്യാപ്തതയാണ് ആനവാച്ചൻമാരെ നിയോഗിക്കാത്തതിന് കാരണമെന്നാണ് വിവരം. ഏതായാലും മലയോര കാർഷിക മേഖലകളിൽ കാട്ടാന ഉണ്ടാക്കുന്ന കൃഷിനാശത്തിന് ഇതുവരെയും പരിഹാരം ആയിട്ടില്ല.



Post a Comment

0 Comments