പട്ടിക്കാട്. മുതിർന്ന പൗരന്മാരുടെ സംരക്ഷണം, ക്ഷേമ പദ്ധതികൾ എന്നീ വിഷയങ്ങളിൽ പാണഞ്ചേരി പഞ്ചായത്ത് ഹാളിൽ വെച്ച് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസും മെയിന്റനൻസ് ട്രിബ്യൂണൽ തൃശ്ശൂർ സബ് ഡിവിഷനും സംയുക്തമായാണ് പരിപാടി നടത്തിയത്. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള 2007 ലെ നിയമവും അതിന്റെ നടപടിക്രമങ്ങളും, മുതിർന്ന പൗരന്മാർക്കുള്ള വിവിധ ക്ഷേമ പദ്ധതികൾ എന്നീ വിഷയങ്ങളിൽ ക്ലാസുകൾ ഉണ്ടായിരുന്നു. സബ് ഡിവിഷനിൽ മജിസ്‌ട്രേറ്റ് കൂടിയായ തൃശൂർ സബ് കളക്ടർ മുഹമ്മദ് ഷെഫീഖ് ഐ.എ.എസ് പരിപാടി ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അധ്യക്ഷനായി. അഡ്വ. ഋഷി ചന്ദ്, തൃശൂർ ആർ.ഡി.ഒ ഓഫീസിലെ ടെക്‌നിക്കൽ അസിസ്റ്റന്റ് ബിനി സെബാസ്റ്റ്യൻ എന്നിവർ ക്ലാസുകൾ എടുത്തു.
മാതാപിതാക്കൾക്ക് മക്കളിൽ നിന്നും മതിയായ സംരക്ഷണം ലഭിക്കാത്ത സാഹചര്യത്തിൽ അവർക്ക് വയോജന സൗഹൃദ കോടതികളിൽ പരാതി നൽകാം. ഇതിനായി സംസ്ഥാനത്തെ എല്ലാ റവന്യൂ ഡിവിഷനൽ ഓഫീസുകളിലും മെയിന്റനൻസ് ട്രിബ്യൂണലുകൾ (വയോജന സൗഹൃദ കോടതികൾ) പ്രവർത്തിക്കുന്നുണ്ട്. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് പരാതികൾ സ്വീകരിച്ച് മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള 2007 ലെ നിയമപ്രകാരം ആവശ്യമായ നടപടികൾ സ്വീകരിക്കും. സ്വയം സംരക്ഷിക്കാൻ കഴിയാത്ത സാഹചര്യമാണ് മാതാപിതാക്കൾക്ക് എങ്കിൽ ഒരു നിശ്ചിത തുക മാസംതോറും മക്കൾ അവർക്ക് നൽകാനും സംരക്ഷണ ചുമതല ഏറ്റെടുക്കാനും നിയമമുണ്ട്.
ഭൂമിയോ മറ്റ് ആസ്തികളോ മക്കൾക്ക് ഇഷ്ടദാനം നൽകിയിട്ടും മാതാപിതാക്കളെ സംരക്ഷിക്കാതിരുന്നാൽ 2008 നു ശേഷംരജിസ്റ്റർ ചെയ്ത ആധാരങ്ങൾ റദ്ദ് ചെയ്യാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ഇ.ടി ജലജൻ, സുബൈദ അബൂബക്കർ , സിഡിഎസ് ചെയർപേഴ്‌സൺ ഉഷ മോഹൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.


0 Comments