പട്ടിക്കാട്. സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത കേരളം എന്ന മോഹന പ്രഖ്യാപനം വെറും പാഴ്‌വാക്കായി മാറുന്ന സ്ഥിതിയാണ് ഇപ്പോൾ. ദേശീയപാതയോരങ്ങൾ വൻതോതിൽ മാലിന്യ കേന്ദ്രങ്ങളായി മാറുകയാണ്. ആറുവരി പാതയിൽ പാണഞ്ചേരി മുതൽ ചെമ്പുത്ര വരെയുള്ള പാതയോരം മാലിന്യം വലിച്ചെറിയുന്ന പ്രധാന കേന്ദ്രമായി മാറിയിരിക്കുന്നു. അറവു മാലിന്യങ്ങൾ മുതൽ പ്ലാസ്റ്റിക്കും രാസമാലിന്യങ്ങളും കെട്ടിടാവശിഷ്ടങ്ങളും വരെ പലതരത്തിലുള്ള മാലിന്യങ്ങൾ കൊണ്ടുവന്നു തള്ളിയിരിക്കുകയാണ് ഇവിടെ.
ദേശീയപാതയുടെ സമീപത്തുകൂടി ഒഴുകുന്ന കല്ലുപാലം തോട്ടിലേക്കും മാലിന്യങ്ങൾ തള്ളുന്നുണ്ട്. ചീഞ്ഞ് അഴുകി ദുർഗന്ധം വമിക്കുന്ന അറവുമാലിന്യങ്ങളും അപകടകരമായ രാസമാലിന്യങ്ങളും തോട്ടിലെ വെള്ളത്തിൽ കലരുന്നു. ഇത് പിന്നീട് കല്ലായിച്ചിറ തോട്ടിലേക്കും തുടർന്ന് മണലിപ്പുഴയിലേക്കും എത്തുന്നു. പ്രദേശത്തെ കിണറുകളും കുളങ്ങളും ഉൾപ്പെടെയുള്ള ജലസ്രോതസ്സുകളിലേക്കും മാലിന്യങ്ങൾ എത്തുന്നതും കുടിവെള്ളത്തിൽ വിഷം കലരുന്നതും മനുഷ്യജീവനു തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്.
പാതയോരങ്ങളിലും തോടുകളിലും മാലിന്യങ്ങൾ തള്ളുന്നവരെ കണ്ടെത്താനോ അവർക്കെതിരെ നടപടികൾ എടുക്കാനോ അധികൃതർ തയ്യാറാകാത്തതാണ് ഇത് വ്യാപകമാകാൻ കാരണം. ദേശീയപാതയിലോ സർവീസ് റോഡുകളിലോ ഒരിടത്തും സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുമില്ല. ഈ സൗകര്യം മുതലെടുത്താണ് സാമൂഹ്യവിരുദ്ധർ മാലിന്യം തള്ളുന്നത്.


0 Comments