പട്ടിക്കാട്. ദേശീയപാതയിൽ മുടിക്കോടും കല്ലിടുക്കിലും വാണിയംപാറയിലും നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച അടിപ്പാതകളെ കുറിച്ച് ചോദിച്ചാൽ "ഇപ്പൊ ശരിയാക്കാം" എന്ന മറുപടിയാണ് ഹൈവേ അധികൃതരിൽ നിന്ന് ലഭിക്കുക. കഴിഞ്ഞദിവസം വാണിയംപാറയിലെ അമൃത എന്ന എട്ടാംക്ലാസുകാരി ഹൈവേയിലെ ദുരിത യാത്രയെക്കുറിച്ച് പ്രധാനമന്ത്രിക്ക് അയച്ച കത്തിന് ഹൈവേ അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടർ നൽകിയ മറുപടിയും "ഇപ്പൊ ശരിയാക്കാം" എന്ന് തന്നെയായിരുന്നു. ഈ മറുപടി കാലങ്ങളായി ആവർത്തിച്ചു കൊണ്ടേയിരിക്കുകയാണ്. എംപിമാരും മന്ത്രിമാരും ഉൾപ്പെടെയുള്ള യോഗങ്ങളിൽ കരാർ കമ്പനിയും ഹൈവേ അതോറിറ്റിയും നൽകുന്ന ഉറപ്പുകൾക്ക് ഇപ്പോൾ പുല്ലുവിലയാണ്. അടിപ്പാതകളൊക്കെ പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കല്ലിടുക്കിൽ അടിപ്പാത നിർമ്മിക്കണമെന്ന കോടതി ഉത്തരവുണ്ടായിട്ടുപോലും ഇതുവരെയും യാതൊരു അനക്കവും ഹൈവേ അതോറിറ്റിക്ക് ഉണ്ടായിട്ടില്ല. മുടിക്കോട് ജങ്ഷനിൽ അടിപ്പാത നിർമ്മിക്കുമെന്ന് അതോറിറ്റി ഉറപ്പുനൽകിയിട്ട് വർഷങ്ങളായി. പിന്നീട് ഇവിടെയൊന്നും കാര്യങ്ങൾ ഒരിഞ്ചു പോലും മുന്നോട്ടു പോയിട്ടില്ല. അപകടങ്ങളും മരണങ്ങളും ആവർത്തിക്കുമ്പോൾ പഴയ പ്രഖ്യാപനങ്ങൾ പൊടിതട്ടിയെടുക്കുക മാത്രമാണ് ചെയ്യുന്നത്. "നാളെ നാളെ.... നീളെ നീളെ"എന്നതാണ് സ്ഥിതി.


0 Comments