മയിൽ ഇടിച്ച് യുവാവ് മരിച്ച സംഭവം: ജില്ലാ ഫോറസ്റ്റ് ഡിവിഷൻ നഷ്ടപരിഹാരം നൽകി


പട്ടിക്കാട്. ബൈക്കിൽ യാത്ര ചെയ്യവേ പറന്നു വന്ന മയിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ മരണപ്പെട്ട യുവാവിന് തൃശൂർ ഫോറസ്റ്റ് ഡിവിഷൻ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി. പട്ടിക്കാട് ഫോറസ്റ്റ് സ്‌റ്റേഷൻ, പട്ടിക്കാട് റെയ്ഞ്ച് മുഖേനയായിരുന്നു നഷ്ടപരിഹാര അപേക്ഷ നടപ്പാക്കിയതെന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ടി.കെ. ലോഹിദാക്ഷൻ അറിയിച്ചു. 

2021 ആഗസ്റ്റ് 16 നാണ് അയ്യന്തോൾ പുഴക്കൽ റോഡിൽ പഞ്ചിക്കലിൽ വെച്ച് പുന്നയൂർക്കുളം പീടികപറമ്പിൽ മോഹനന്റെ മകൻ പ്രമോഷ് (34), ഭാര്യ വീണ (26) എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽ പെട്ടത്. തൃശൂർ മാരാർ റോഡിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനായിരുന്നു പ്രമോഷ്. ഇവർ ബൈക്കിൽ പോകുമ്പോൾ റോഡിന് കുറുകെ പറന്നുവന്ന മയിൽ പ്രമോഷിന്റെ നെഞ്ചിൽ ഇടിച്ചതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ മതിലിൽ ചെന്ന് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് പ്രമോഷിനെ തൃശൂർ വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

പ്രമോഷിന് ലൈസൻസ് ഇല്ലാതിരുന്നതിനാൽ മറ്റ് യാതൊരു നഷ്ടപരിഹാരവും ലഭിക്കാത്ത സാഹചര്യത്തിലാണ് വന്യജീവി നഷ്ടപരിഹാര നിയമ പ്രകാരം തുക അനുവദിച്ചതെന്നും ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ പറഞ്ഞു. അപകടത്തിൽ മയിലും ചത്തിരുന്നു



Post a Comment

0 Comments