പട്ടിക്കാട്. തൃശ്ശൂർ ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ അധ്യാപകർക്കായി തൃശ്ശൂർ ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കന്ററി സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥി സംഘടനയായ എംബോസാറ്റ് ഏർപ്പെടുത്തിയ അവാർഡിന് പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപിക എം. രേണുക അർഹയായി. പൊതു വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള എ മുഹമ്മദ് കുട്ടി സ്മാരക അവാർഡാണ് രേണുക ടീച്ചർക്ക് ലഭിച്ചത്. മികച്ച പ്രധാനാധ്യാപിക, ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, മലയാളം, പൊതു വിദ്യാഭ്യാസത്തിനുള്ള സമഗ്രസംഭാവന നൽകിയ വ്യക്തി, മികച്ച മാതൃക അധ്യാപിക എന്നീ മേഖലകളിലാണ് എം ബോസാറ്റ് അവാർഡുകൾ നൽകുന്നത്. എംബോസാറ്റ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ രേണുക ടീച്ചർക്ക് അവാർഡ് സമ്മാനിച്ചു. ജീവശാസ്ത്ര അധ്യാപികയായ എം രേണുകയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ അദ്വൈത് സി അലക്‌സ്, മുഹമ്മദ് അർഫദ് എന്നിവർ അവതരിപ്പിച്ച സയൻസ് പ്രൊജക്ട് സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിലും, അഹമ്മദാബാദിൽ വെച്ച് നടന്ന നാഷണൽ സയൻസ് കോൺഗ്രസിലും ഒന്നാം സ്ഥാനം നേടിയിരുന്നു.


0 Comments