അച്ഛന് കരൾ പകത്തു നൽകിയ ദേവനന്ദയെ തൃശൂർ ആദരണീയം സാംസ്കാരിക പൗരാവലി ആദരിച്ചു

തൃശൂർ. സേക്രട്ട് ഹാർട്ട് സ്ക്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയും, കോലഴി പുളിക്കത്തറ പ്രതീഷിന്റെ മകളുമായ ദേവനന്ദയാണ് പ്രായപൂർത്തിയാകുന്നതിനു മുന്നേ കോടതിവിധിയിലൂടെ അച്ഛന് കരൾ പകുത്തു നൽകിയത്. 

കരളിൽ ക്യാൻസർ ബാധിതനായ പ്രതീഷ് കരൾ മാറ്റിവയ്ക്കുന്നതിനായി ഏറെ ശ്രമങ്ങൾ നടത്തിയെങ്കിലും യോജിച്ച കരൾ കണ്ടെത്തിയില്ല. തുടർന്ന് പരിശോധനയ്ക്കായി രാജഗിരി ആശുപത്രിയിൽ എത്തിയപ്പോഴാണ് ദേവനന്ദയുടെ കരൾ അച്ഛന് യോജിക്കും എന്ന് കണ്ടെത്തിയത്. എന്നാൽ 18 വയസ്സ് പൂർത്തിയാകാതെ ഇന്ത്യയിൽ അവയവദാനം സാധിക്കില്ലെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. എന്നാൽ ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്ത് പ്രായപൂർത്തിയാകുന്നതിനു മുന്നേ അവയവ ദാനത്തിന് കോടതി അനുമതി നൽകിയതായി ഇൻറർനെറ്റിലൂടെ കണ്ടെത്തിയ ദേവനന്ദ ഈ വാദം ഉന്നയിച്ചു കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് ഹൈക്കോടതി അവയവദാനത്തിന് അനുമതി നൽകിയത്. 

മാർച്ച് 9ന് രാജഗിരി ആശുപത്രിയിലെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. രാമചന്ദ്ര നാരായണ മേനോന്റെ നേതൃത്വത്തിൽ വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കുകയായിരുന്നു.

ആദരണീയം സാംസ്ക്കാരിക പൗരാവലി ദേവനന്ദയുടെ സ്കൂളിൽ വച്ച് സംഘടിപ്പിച്ച പരിപാടിയിൽ  മുൻ നിയമസഭാ സ്പീക്കർ അഡ്വ.തേറമ്പിൽ രാമകൃഷ്ണൻ പൊന്നാടയും, ഉപഹാരവും നൽകി ദേവനന്ദയെ ആദരിച്ചു. അഡ്വ.എസ്.അജി അധ്യക്ഷത വഹിച്ചു. കൗൺസിലർ റെജി ജോയ്, സിസ്റ്റർ പ്രസന്ന, സന്തോഷ് കോലഴി, കെ.ഗോപാലകൃഷ്ണൻ, കെ.പി.രാധാകൃഷ്ണൻ, ജെൻസൻ ജോസ് കാക്കശ്ശേരി, ശരത് ചന്ദ്രൻ മച്ചിങ്ങൽ, സി.സി.ഡേവി, അഡ്വ.ജോയ് ബാസ്റ്റിൻ, പുല്ലാട്ട് സരളാദേവി, സന്തോഷ് കാനാട്ടുകര, റിജോയ് ജോയ്സൺ എന്നിവർ നേതൃത്വം നൽകി.



Post a Comment

0 Comments