പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്ത് തെക്കുംപാടം വാർഡിൽ നാലര ലക്ഷം രൂപ ചെലവിൽ തോടിന് കരിങ്കൽ ഭിത്തി നിർമ്മിക്കുന്നതിൽ അഴിമതിയുണ്ടെന്ന ആരോപണവുമായി വാർഡ് വികസന സമിതി അംഗം രംഗത്തെത്തി. വാർഡ് മെമ്പറുടെ നേതൃത്വത്തിൽ നടക്കുന്ന നിർമ്മാണം മെമ്പറുടെ ബന്ധുവിന്റെ ഭൂമി സംരക്ഷിക്കാനാണെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റിനും, സെക്രട്ടറിക്കും, അസി. എഞ്ചിനീയർക്കും വാർഡ് വികസനസമിതി അംഗം സി.ബി. ലവൻ പരാതി നൽകി.
കന്നുകാലിച്ചാൻ ഭാഗത്ത് തോട് ജല സംരക്ഷണ പദ്ധതിയുടെ ഭാഗമായി നാലരലക്ഷം രൂപ ചിലവിട്ടാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിനുള്ള ഫണ്ട് വിനിയോഗിച്ചത് വാർഡ് വികസന സമിതിയോ ഗ്രാമസഭയോ അറിയാതെയാണെന്നും അദ്ദേഹം പറഞ്ഞു. ചാലിനോട് ചേർന്ന് മറ്റ് പലരുടെയും ഭൂമി ഇടിഞ്ഞുപോയിട്ടുണ്ട്. എന്നാൽ അവിടെയൊന്നും സംരക്ഷണ ഭിത്തി നിർമ്മിക്കാൻ തയ്യാറായിട്ടില്ലെന്നും ഇത് അഴിമതിയാണെന്നും പഞ്ചായത്തിലെ എൻജിനീയറിങ് വിഭാഗം ഇതിന് ഒത്താശ ചെയ്തിട്ടുണ്ടെന്നും സി.ബി. ലവൻ കുറ്റപ്പെടുത്തി. പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും നടപടികൾ ഒന്നും ഉണ്ടായില്ലെന്നും പഞ്ചായത്തിന്റെ അനാസ്ഥയാണ് പണികൾ മുന്നോട്ട് പോകുന്നതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. നടപടികൾ ഉണ്ടായില്ലെങ്കിൽ വിജിലൻസ് കോടതിയിൽ പരാതിനൽകി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുമെന്ന് സി.ബി ലവൻ പറഞ്ഞു.


0 Comments