എയർ ഹോൺ മുഴക്കി സ്വകാര്യ ബസ്സുകൾ: കണ്ണടച്ച് അധികൃതർ

പട്ടിക്കാട്. തൃശ്ശൂർ പീച്ചി ഡാം റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സുകൾ എയർ ഹോൺ മുഴക്കി പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി പരാതി. സ്കൂളുകളും സർക്കാർ സ്ഥാപനങ്ങളും പോലീസ് സ്റ്റേഷനും സ്ഥിതി ചെയ്യുന്ന പട്ടിക്കാട് ബസാർ റോഡിലും, പീച്ചി ഡാം റോഡിലുമാണ് ഇത് നിത്യ സംഭവമായി മാറിയിട്ടുള്ളത്. ഇത് വലിയ അപകടങ്ങൾക്ക് വഴിയൊരുക്കാൻ സാധ്യതയുള്ളതായും നാട്ടുകാർ പറഞ്ഞു. എന്നാൽ അതികൃതർ ഇത്തരം നിയമലംഘനങ്ങൾക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

കഴിഞ്ഞദിവസം രാത്രി 8:30 യോടെ വാരിയത്ത് പടി സെൻ്ററിൽ വച്ച് പീച്ചി ഭാഗത്തേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് തൊട്ടു പുറകിലെത്തി എയർ ഹോൺ മുഴക്കിയത് ഏറെ പരിഭ്രാന്തി സൃഷ്ടിച്ചതായി ഒരു ബൈക്ക് യാത്രക്കാരൻ പറഞ്ഞു. ബൈക്കിനു പുറകിലിരുന്ന 10 വയസ്സുകാരനായ മകൻ ഏറെ ഭയപ്പെട്ടതായും അദ്ദേഹം പറഞ്ഞു. സമാനമായ നിരവധി പരാതികളാണ് പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉയർന്നുവരുന്നത്. കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും ഏറെ അപകട ഭീഷണിയാണ് സ്വകാര്യ ബസുകളുടെ ഇത്തരം പ്രവർത്തികൾ. ഇവ വലിയ അപകടങ്ങൾക്ക് വഴിയൊരുക്കിയിട്ടുമുണ്ട്.

ദേശീയപാതയിലൂടെ എയർഹോൺ മുഴക്കി അമിത വേഗത്തിൽ സർവീസ് നടത്തുന്ന ഇത്തരം വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടികൾ സ്വീകരിക്കാറുണ്ടെങ്കിലും പഞ്ചായത്ത് വഴികളിലൂടെ സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ വേണ്ട നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകാത്തതാണ് ഇത്തരം നിയമലംഘനങ്ങൾ വീണ്ടും ആവർത്തിക്കാൻ കാരണം. അപകടങ്ങളും മരണങ്ങളും സംഭവിച്ചിട്ട് നടപടിക്രമങ്ങളിലേക്ക് നീങ്ങുന്നതിനേക്കാൾ അത്തരം കാര്യങ്ങൾ ഒഴിവാക്കാൻ ബന്ധപ്പെട്ടവർ കർശന നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്.



Post a Comment

0 Comments