മഞ്ഞക്കുന്ന് മണ്ടൻചിറ റോഡിലെ പാലത്തിന്റെ കൈവരി തകർന്നത് വാഹനയാത്രക്കാർക്ക് അപകടഭീഷണി


പട്ടിക്കാട്. മഞ്ഞക്കുന്നിൽ നിന്നും മണ്ടൻചിറയിലേയ്ക്ക് പോകുന്ന റോഡിലെ തോടിന് കുറുകെയുള്ള പാലം വാഹനയാത്രക്കാർക്ക് അപകടഭീഷണി ആകുന്നതായി പരാതി. പാണഞ്ചേരി പഞ്ചായത്തിലെ പത്ത്, പതിനൊന്ന് വാർഡുകളെ ബന്ധിപ്പിക്കുന്ന ഈ പാലത്തിന്റെ ഒരു വശത്തെ കൈവരി തകർന്നതാണ് ഇരുചക്രവാഹന യാത്രക്കാർക്ക് ഏറെ അപകടഭീഷണിയാകുന്നത്. മൂന്ന് ഭാഗത്ത് നിന്നും റോഡുകൾ വന്നുചേരുന്ന സ്ഥലവും അതോടൊപ്പം വളവും കൂടിയുള്ളതിനാൽ അപകടസാധ്യത ഏറെയാണെന്ന് നാട്ടുകാർ പറയുന്നു. റോഡിനോട് ചേർന്ന് കൈവരി തകർന്ന് പോയത് പെട്ടെന്ന് ശ്രദ്ധയിൽ പെടുകയുമില്ല. എതിർ ദിശയിൽ നിന്ന് വാഹനങ്ങൾ വന്നാൽ വശം ചേർന്ന് കടന്നുപോകാൻ ശ്രമിക്കുന്ന ബൈക്ക് യാത്രക്കാരാണ് അപകടത്തിൽ പെടുന്നവർ. നിയന്ത്രണം നഷ്ടപ്പെട്ടാൽ താഴെ തോട്ടിലേയ്ക്കാണ് ചെന്ന് വീഴുക. 

കൈവരി തകർന്നതോ പ്രദേശത്തെ അപകടാവസ്ഥയോ സൂചിപ്പിക്കുന്ന മുന്നറിയിപ്പ് സംവിധാനങ്ങളൊന്നും ഇവിടെയില്ല. കഴിഞ്ഞ ദിവസം ഒരു ബൈക്ക് യാത്രക്കാരൻ തലനാരിഴയ്ക്കാണ് ഇവിടെ രക്ഷപെട്ടത്. അധികൃതർ ഇടപെട്ട് എത്രയും വേഗം പാലത്തിന്റെ കൈവരി നിർമ്മിച്ച് വാഹനയാത്രക്കാർക്ക് സുരക്ഷയൊരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



Post a Comment

0 Comments