കല്ലിടുക്കിലെ ചെട്ടിയാർകുളം നീന്തൽ പരിശീലന കേന്ദ്രമായി നവീകരിക്കുന്നു


പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിലെ കല്ലിടുക്കിലുള്ള ചെട്ടിയാർ കുളത്തിന് ശാപമോക്ഷമാകുന്നു. കല്ലിടുക്ക് അങ്കണവാടിക്ക് സമീപമുള്ള ഈ കുളം നവീകരിച്ച് നീന്തൽ പരിശീലന കേന്ദ്രമാക്കാനുള്ള പദ്ധതിക്ക് തുടക്കമായി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. കുളം വറ്റിച്ച് ചണ്ടിയും ചേറും നീക്കി ശുചീകരിക്കും. കുളത്തിന് പാർശ്വഭിത്തികൾ കെട്ടി സംരക്ഷിക്കും. ഓപ്പൺ ജിം അടക്കമുള്ള സൗകര്യങ്ങളുടെയാണ് കുളത്തിന്റെ നവീകരണം പൂർത്തിയാക്കുന്നത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചാരു ബഞ്ചുകളും സ്ഥാപിക്കും. 2 ലക്ഷം രൂപ ഇതിനായി പഞ്ചായത്ത് ചെലവഴിക്കുമെന്ന് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ പറഞ്ഞു. ഇത്തരത്തിൽ സംരക്ഷിക്കപ്പെടേണ്ടതായി ഒട്ടേറെ പൊതു കുളങ്ങൾ പാണഞ്ചേരി പഞ്ചായത്തിലുണ്ട്. ദീർഘവീക്ഷണത്തോടെ ഭാവനാത്മകമായ പദ്ധതികൾ ആവിഷ്‌കരിച്ചാൽ ഇവയെ ഒരേസമയം സമ്പുഷ്ടമായ ജലസ്രോതസ്സുകളും വിനോദ കേന്ദ്രങ്ങളുമാക്കി മാറ്റിയെടുക്കാം.



Post a Comment

0 Comments