പട്ടിക്കാട്. പൊതു വിദ്യാലയങ്ങളിലെ കുട്ടികളിൽ സർഗാത്മകത വളർത്താനും അവരുടെ കായിക ശേഷി മെച്ചപ്പെടുത്താനും വേണ്ടിയുള്ള കലാകായിക പ്രവർത്തി പരിചയ ക്യാമ്പുകൾക്ക് തുടക്കമായി. സമഗ്ര ശിക്ഷ കേരളത്തിന്റെ ഭാഗമായി ഒല്ലൂക്കര ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ക്യാമ്പുകളുടെ പഞ്ചായത്തുതലോദ്ഘാടനം പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ നിർവഹിച്ചു. അധ്യാപകരുടെയും മാതാപിതാക്കളുടെയും മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിച്ച് ശരിയായ വഴിയിലൂടെ മുന്നോട്ടു നീങ്ങാനുള്ള കരുത്തും ആർജ്ജവവും കുട്ടികൾ സ്വായത്തമാക്കണമെന്ന് അവർ പറഞ്ഞു. ഏപ്രിൽ 24 കാലത്ത് 10 മണിക്ക് പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടിയിൽ പ്രധാന അധ്യാപിക എ.എം സീമ, ബ്ലോക്ക് റിസോഴ്‌സ് സെന്റർ ബിപിസി എൻ.കെ രമേഷ്, വാർഡ് മെമ്പർ ആനി ജോയ്, പിടിഎ പ്രസിഡന്റ് ജയ്‌സൺ സാമുവൽ, എസ്എസ് ജി ചെയർമാൻ പി.വി സുദേവൻ, എംപിടിഎ പ്രസിഡന്റ് സുനിത സുന്ദരൻ, ബ്ലോക്ക് റിസോഴ്‌സ് സെന്റർ ക്ലസ്റ്റർ കോഓർഡിനേറ്റർ എം.എസ് ദിവ്യ എന്നിവർ പങ്കെടുത്തു.


0 Comments