ഹൈവേ അതോറിറ്റി വാണിയംപാറ കുളം നവീകരിച്ചില്ല; 52 കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി


വാണിയംപാറ. ദേശീയപാതയോരത്തെ വാണിയംപാറ കുളം നവീകരിച്ച് നൽകുമെന്ന ഹൈവേ അതോറിറ്റിയുടെ ഉറപ്പ് പാഴ് വാക്കായതോടെ വാണിയംപാറ മൃഗാശുപത്രിക്കു സമീപമുള്ള കുന്നിലെ 52 കുടുംബങ്ങൾ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന്റെ പി ടിയിലായി. നിരവധി വർഷങ്ങളായി ദേശീയപാതയോട് ചേർന്നുള്ള കുളത്തിലെ ജലമാണ് ഈ കുടുംബങ്ങൾ കുടി വെള്ള ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നത്. കുളത്തിന് സമീപം കിണർ നിർമ്മിച്ച് അതിൽനിന്നും കുന്നിൻ മുകളിലേക്ക് പമ്പ് ചെയ്താണ് വെള്ളം എത്തിക്കുക. വേനൽ രൂക്ഷമാകുന്നതോടെ കുളത്തിലെ ജലനിരപ്പ് വലിയതോതിൽ താഴുകയും ആവശ്യത്തിനു വെള്ളം കിട്ടാത്ത സ്ഥിതി ഉണ്ടാവുകയും ചെയ്യും. എംഎൽഎ ഫണ്ട്, എംപി ഫണ്ട് എന്നിവ ഉപയോഗിച്ച് പല പദ്ധതികളും ഈ കുളത്തോട് ബന്ധപ്പെടുത്തി നടപ്പാക്കിയെങ്കിലും ജല ലഭ്യതയിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. 

കുളത്തിന്റെ ആഴവും വിസ്തൃതിയും വർദ്ധിപ്പിച്ച് ജലസംഭരണശേഷി ഉയർത്തിയെങ്കിലേ ജലക്ഷാമത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാൻ കഴിയൂ. ഇതിനിടെ സർവീസ് റോഡ് ഒഴികെ ആറുവരിപ്പാതയുടെ നിർമ്മാണം ഇവിടെ പൂർത്തിയാക്കി. സർവീസ് റോഡ് നിർമ്മിക്കുന്നതോടെ കുളത്തിന്റെ വിസ്തൃതി കുറയാതിരിക്കാൻ മറുഭാഗത്ത് വിസ്തൃതിയും ആഴവും വർധിപ്പിച്ച് നവീകരിച്ചു നൽകാമെന്ന് ഹൈവേ അതോറിറ്റി പഞ്ചായത്തിന് ഉറപ്പു നൽകിയിരുന്നു. ഒരു കോടി രൂപ ചെലവിൽ കുളത്തിന്റെ വിസ്തൃതി വർധിപ്പിക്കൽ, കരിങ്കല്ലു കൊണ്ടുള്ള പാർശ്വഭിത്തി നിർമ്മാണം, കുളത്തിനു മുകളിൽ കമ്പി നെറ്റ് സ്ഥാപിക്കൽ എന്നിവ ചെയ്തു നൽകുമെന്ന് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിക്ക് ഹൈവേ അതോറിറ്റി ഉറപ്പു നൽകിയിരുന്നതാണ്. എന്നാൽ കുളം നവീകരിക്കാനോ, ഈ ഭാഗത്ത് സർവീസ് റോഡ് പൂർത്തീകരിക്കാനോ ഹൈവേ അധികൃതർ ഇതുവരെയും തയ്യാറായിട്ടില്ല. ഭരണാധികാരികളുടെ ഭാഗത്തുനിന്നും വേണ്ടത്ര ഇടപെടൽ ഇല്ലാത്തതാണ് ഇവരുടെ അനാസ്ഥയ്ക്ക് കാരണമെന്നും നാട്ടുകാർ ആരോപിച്ചു.



Post a Comment

0 Comments