പട്ടിക്കാട്. ദേശീയപാതയിൽ വർദ്ധിച്ചു വരുന്ന അപകടങ്ങൾ കണക്കിലെടുത്ത് ഫയർ സ്‌റ്റേഷൻ സ്ഥാപിക്കുന്നതിന് ദേശീയപാത അതോറിറ്റിയുടെ അധീനതയിലുള്ള ചുവന്നമണ്ണിലെ സ്ഥലത്ത് നിന്ന് 50 സെന്റ് സ്ഥലം അടയിന്തിരമായി അനുവദിക്കുന്നതിന് റവന്യു മന്ത്രി കെ. രാജൻ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ ഒല്ലൂർ നിയോജക മണ്ഡലത്തിൽ ഫയർ സ്‌റ്റേഷൻ സ്ഥാപിക്കുന്നതിന് 10 കോടി രൂപ അനുവദിച്ചിരുന്നു. നിരന്തരമായി വാഹന അപകടങ്ങൾ ഉണ്ടാകുന്ന ദേശീയപാതയോരത്ത് ഫയർസ്‌റ്റേഷൻ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. നിലവിൽ ദേശീയ പാതയിൽ തൃശൂർ ജില്ലയിലെ പുതുക്കാട് കഴിഞ്ഞാൽ പാലക്കാട് ജില്ലയിലെ ആലത്തൂരിൽ മാത്രമാണ് ഫയർസ്‌റ്റേഷൻ ഉള്ളത്. ഫയർസ്‌റ്റേഷൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഉന്നത തല യോഗം ചേർന്നിരുന്നു. ദേശീയപാത അതോറിറ്റിയിൽ നിന്ന് സ്ഥലം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാൻ തൃശൂർ ജില്ല കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സ്ഥലം ലഭ്യമായാൽ ഈ വർഷം തന്നെ ഫയർസ്‌റ്റേഷന്റെ നിർമ്മാണം ആരംഭിക്കുമെന്നും റവന്യു മന്ത്രി അറിയിച്ചു.


0 Comments