പന്നിയങ്കര. ദേശീയപാതയിൽ പന്നിയങ്കര ടോൾ പ്ലാസയിൽ സമീപ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് നൽകിയിരുന്ന സൗജന്യ യാത്രാനുകൂല്യം റദ്ദാക്കി. പകരം മാസം തോറും 330 രൂപയുടെ മന്ത്‌ലി പാസ് എടുത്തു മാത്രമേ ഇനി ടോൾ പ്ലാസയിലൂടെ കടന്നു പോകാൻ കഴിയൂ. ഏറെക്കാലത്തെ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും ഒടുവിലാണ് സമീപ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ടോൾ പ്ലാസയിൽ സൗജന്യ പാസ് അനുവദിച്ചു കിട്ടിയത്. വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, വണ്ടാഴി, പാണഞ്ചേരി, കിഴക്കഞ്ചേരി, എന്നീ പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായ ജനങ്ങൾക്കു മാത്രമാണ് ടോൾ ഒഴിവാക്കിയിരുന്നത്. ടോൾഗേ റ്റിൽ ആധാർ കാർഡ് കാണിച്ച് ഇവരുടെ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുമായിരുന്നു. ഇപ്പോൾ ജനങ്ങൾക്ക് നൽകിയ സൗജന്യ പാസ് അവർ ദുരുപയോഗം ചെയ്യുന്നു എന്ന് ആരോപിച്ചു കൊണ്ടാണ് അത് റദ്ദ് ചെയ്ത് മന്ത്‌ലി പാസ് ഏർപ്പെടുത്താൻ കരാർ കമ്പനി തീരുമാനിച്ചത്. ഡീസലിനും പെട്രോളിനും വില കുതിച്ചുയർന്നിരിക്കുന്ന സാഹചര്യത്തിൽ സമീപ പഞ്ചായത്തുകളിലെ ജനങ്ങൾ ടോൾ പ്ലാസയിലൂടെ സൗജന്യമായി നിരന്തരം യാത്ര ചെയ്യുന്നു എന്ന കണ്ടെത്തൽ വിചിത്രമാണ്. ഏതായാലും ഏപ്രിൽ 10 തിങ്കളാഴ്ച മുതൽ മന്ത്‌ലി പാസ് എടുത്തവരെ മാത്രമേ ടോൾ പ്ലാസയിലൂടെ കടന്നു പോകാൻ അനുവദിക്കൂ എന്ന് കരാർ കമ്പനിയായ കെഎംസിയുടെ പിആർഒ അജിത് പ്രസാദ് പറഞ്ഞു. പന്നിയങ്കരയിൽ വൻ തുകയാണ് ടോൾ പിരിക്കുന്നത് എന്നുള്ള ആക്ഷേപം ഇപ്പോഴും നിലനിൽക്കെയാണ് സൗജന്യ പാസ് ഒഴിവാക്കിക്കൊണ്ടുള്ള പുതിയ തീരുമാനം വന്നിരിക്കുന്നത്.

.jpg)
0 Comments