പട്ടിക്കാട്. സാമൂഹ്യ സുരക്ഷാ പെൻഷൻ മാസ്റ്ററിങ്ങിന്റെ പാണഞ്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം ചെമ്പൂത്ര എൻഎസ്എസ് ഹാളിൽ വച്ച് നടന്നു. പഞ്ചായത്ത് പ്രസിഡൻറ് പി.പി രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. പെൻഷൻ ദാദാക്കൾ മരിച്ചുപോയിട്ടും അവരുടെ പേരിലുള്ള പെൻഷൻ വീട്ടുകാർ വാങ്ങുന്നത് ഒഴിവാക്കുക, അർഹരായവർക്ക് പെൻഷൻ നൽകുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ബയോമെട്രിക് മസ്റ്ററിംഗ് നടപ്പാക്കുന്നത് എന്ന് പി.പി. രവീന്ദ്രൻ പറഞ്ഞു. നിലവിൽ സംസ്ഥാനത്ത് പെൻഷൻ മുടങ്ങിക്കിടക്കുന്നതിന് കാരണം കേന്ദ്രസർക്കാർ പെൻഷൻ വിഹിതം നൽകാത്തതാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവർ അക്ഷയ കേന്ദ്രത്തിലെത്തി ബയോമെട്രിക് മാസ്റ്ററിങ്ങിന് വിധേയരാകണം എന്ന സംസ്ഥാന സർക്കാരിൻറെ നിർദ്ദേശപ്രകാരമാണ് പരിപാടി സംഘടിപ്പിച്ചത്. അക്ഷയ കേന്ദ്രങ്ങളിൽ തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടിയാണ് പഞ്ചായത്തിലെ രണ്ട് വാർഡുകളെ ബന്ധിപ്പിച്ചുകൊണ്ട് വാർഡുകളിലെ വിവിധ കേന്ദ്രങ്ങളിൽ മസ്റ്ററിങ് സംഘടിപ്പിക്കുന്നത്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഏഴായിരത്തിനടുത്ത് പെൻഷൻ ദാദാക്കൾ ആണ് ഉള്ളത്. സാമൂഹ്യ സുരക്ഷ/ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ 2023 ഏപ്രിൽ 1 മുതൽ ജൂൺ 30 വരെയുള്ള കാലയളവിനുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണമെന്നാണ് സർക്കാർ ഉത്തരവ് നൽകിയിട്ടുള്ളത്. ഗ്രാമപഞ്ചായത്തിലെ ഒന്ന് രണ്ട് വാർഡുകളിലെ മസ്റ്ററിംഗ് ആണ് ചെമ്പൂത്ര എൻഎസ്എസ് ഹാളിൽ നടക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജയകുമാർ ആദം കാവിൽ, അനീഷ് മേക്കര എന്നിവർ പരിപാടിയിൽ പങ്കെടുത്തു.


0 Comments