പട്ടിക്കാട്. കേരള വനം-വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള വനഗവേഷണ സ്ഥാപനത്തിൽ വെച്ച് നടത്തുന്ന വന സൗഹൃദ സദസ്സിന് മുന്നോടിയായി സർവ്വകക്ഷിയോഗം ചേർന്നു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, പട്ടിക്കാട് വൈൽഡ് ലൈഫ് ഓഫീസർ രാജീവ്, കെ.എഫ്.ആർ.ഐ. രജിസ്ട്രാർ ഇൻ ചാർജ് ഡോ. ടി.വി. സജീവ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സുബൈദ അബൂബക്കർ, വടക്കഞ്ചേരി റേഞ്ച് ഓഫീസർ ധനിക്ക് ലാൽ, മച്ചാട് റൈഞ്ച് ഓഫീസർ ശ്രീദേവി, എന്നിവർ പ്രസംഗിച്ചു.
തൃശ്ശൂർ ജില്ലയിലെ ഒല്ലൂർ, വടക്കാഞ്ചേരി, കുന്നംകുളം, ചേലക്കര എന്നീ നിയോജകമണ്ഡലങ്ങളെ ഉൾപ്പെടുത്തികൊണ്ടുളള വന സൗഹൃദ സദസ്സിന്റെ ഉദ്ഘാടനം 2023 ഏപ്രിൽ 17 തിങ്കൾ ഉച്ചകഴിഞ്ഞ് 2.30ന് പീച്ചി കെഎഫ്ആർഐ ഹാളിൽ വെച്ച് കേരള വനംവന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും.
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് വനാതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനും ചർച്ചയിലൂടെ പരിഹാരം കണ്ടെത്തുന്നതിനുമായി സർക്കാർ ആവിഷ്‌കരിച്ച കർമ്മപരിപാടിയാണ് വന സൗഹൃദ സദസ്സ്. 2023 ഏപ്രിൽ 2 ന് ഞായറാഴ്ച വയനാട് ജില്ലയിലെ മാനന്തവാടിയിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത് തുടക്കം കുറിച്ച വന സൗഹൃദ സദസ്സ് സംസ്ഥാനത്ത് 20 വേദികളിലായി സംഘടിപ്പിക്കപ്പെട്ട് ഏപ്രിൽ 28 ന് തിരുവനന്തപുരത്ത് സമാപിക്കും.


0 Comments