പട്ടിക്കാട്. നാലര പതിറ്റാണ്ടിലേറെ നീണ്ട കാലത്തിന് ശേഷം അവർ വീണ്ടും കണ്ടുമുട്ടിയപ്പോൾ അറുപതുകൾ പിന്നിട്ടിട്ടും കൗമാരത്തിന്റെ തിളക്കമായിരുന്നു എല്ലാ മുഖങ്ങളിലും. പട്ടിക്കാട് ഗവ. ഹൈസ്‌കൂളിലെ 1975-76 ബാച്ച് എസ്.എസ്.എൽ.സി ഡിവിഷൻ ഇ യിലെ കുട്ടികൾ 47 വർഷങ്ങൾക്കിപ്പുറം വീണ്ടും ഒത്തുകൂടിയപ്പോൾ അത് അവിസ്മരണീയമായ അനുഭവമായി. കാലം വരുത്തിയ മാറ്റങ്ങൾക്കിടയിലും പഴയ മുഖങ്ങൾ അവർ തിരിച്ചറിഞ്ഞു. പട്ടിക്കാട് ലാലീസ് കൺവൻഷൻ സെന്ററിലായിരുന്നു കൂട്ടായ്മ. പ്രിയപ്പെട്ട അധ്യാപിക കോമളവല്ലി ടീച്ചർ കൂടി എത്തിയപ്പോൾ എല്ലാവർക്കും സന്തോഷത്തിന്റെ ഇരട്ടിമധുരം. പട്ടിക്കാട് സ്വദേശികളും സഹപാഠികളുമായ കുരിയാക്കോസ്, പൗലോസ്, ഗോപാലകൃഷ്ണൻ എന്നിവർ തുടങ്ങി വെച്ച പരിശ്രമമാണ് കൂട്ടുകാരുടെ ഒത്തുചേരലോടെ ഇന്ന് സഫലമായത്.
ഇ ഡിവിഷനിൽ ഒപ്പമുണ്ടായിരുന്ന 40 പേരെ കണ്ടെത്തി വാട്ട്‌സാപ്പ് ഗ്രൂപ്പ് തുടങ്ങി. അതിൽ 35 പേരും സംഗമത്തിനെത്തിയിരുന്നു. പരസ്പരം സൗഹൃദങ്ങൾ പുതുക്കിയും ഓർമ്മകൾ പങ്കുവെച്ചും അവർ വീണ്ടും പത്താം ക്ലാസ്സുകാരായി. കൂട്ടായ്മ തുടർന്നുകൊണ്ടുപോകാനും വിവിധ പ്രവർത്തനങ്ങൾ നടത്താനുമായി ഒരു കമ്മിറ്റി കൂടി രൂപീകരിച്ചിട്ടാണ് അവർ പിരിഞ്ഞത്. ആധുനിക സാങ്കേതിക വികസനവും നവമാധ്യമങ്ങളും ഭൂതകാല സ്മരണകളെയും സൗഹൃദങ്ങളെയും വീണ്ടും ഒരുമിപ്പിക്കാൻ വഴിയൊരുക്കുകയാണ്.



0 Comments