പട്ടിക്കാട്. പീച്ചിറോഡ് ജങ്ഷനിൽ സർവ്വീസ് റോഡിൽ മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് അപകടങ്ങൾക്ക് വഴിയൊരുക്കുന്നുണ്ടെന്ന പരാതിയുമായി നാട്ടുകാർ രംഗത്തെത്തി. പീച്ചി റോഡ് ജങ്ഷനിൽ അടിപ്പാതയോട് ചേർന്ന് തൃശൂർ ഭാഗത്തേക്കുള്ള സർവ്വീസ് റോഡിലാണ് ഹൈവേ അധികൃതർ അപകടക്കെണി ഒരുക്കിയിട്ടുള്ളതെന്ന് വ്യാപാരി വ്യവസായി സമിതി പാണഞ്ചേരി യൂണിറ്റ് പ്രസിഡന്റ് ബാബു കൊള്ളന്നൂർ പറഞ്ഞു. കാന നിർമ്മാണത്തിനായി സർവ്വീസ് റോഡിലേയ്ക്ക് കോരിയിട്ട മണ്ണ് കഴിഞ്ഞ ഒൻപത് മാസമായിട്ടും പ്രദേശത്ത് നിന്ന് നീക്കം ചെയ്തിട്ടില്ല. നിരവധി ഇരുചക്രവാഹന യാത്രക്കാർ ഇവിടെ അപകടത്തിൽ പെട്ടിട്ടുള്ളതായും പ്രദേശവാസികൂടിയായ ബാബു കൊള്ളന്നൂർ പറഞ്ഞു. തൃശൂർ ഭാഗത്തേക്കുള്ള കെഎസ്ആർടിസി, സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇതുവഴിയാണ് കടന്നു പോകുന്നത്. രണ്ടുവരി പാതയുടെ പകുതിയോളം സഞ്ചാരയോഗ്യമല്ലാത്ത നിലയിലാണ് മണ്ണ് കൂട്ടിയിട്ടിട്ടുള്ളത്. നിരവധി തവണ അധികൃതരെ വിവരം അറിയിച്ചതാണ്. എന്നാൽ ഇതുവരെ നടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്നും എത്രയും വേഗം ഇതിനൊരു പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


0 Comments