ശ്രമം വിഫലമായില്ല; വഴി തെറ്റി എത്തിയ താളിക്കോട് സ്വദേശി യുവാവിനെ വീട്ടുകാരോടൊപ്പം ചേർത്തു


എടമുട്ടം: കഴിഞ്ഞ ദിവസം രാത്രിയിലാണ് എടമുട്ടം പടിഞ്ഞാറ് ഭാഗത്ത് തനിയെ നിന്ന് കരയുന്ന നിലയിൽ ഒരു യുവാവിനെ പോലീസ് കണ്ടെത്തിയത്  ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി പറയുന്നില്ലെങ്കിലും പേര് മനു എന്നും, അമ്മയുടെ പേര് 'സരു' എന്നാണെന്നും പറഞ്ഞു. അമ്മയെ കാണണമെന്നും പറഞ്ഞ് കരയുന്നുണ്ടെങ്കിലും സ്വന്തം സ്ഥലത്തെ കുറിച്ചൊ മറ്റോ ഒന്നും പറയാൻ കഴിഞ്ഞിരുന്നില്ല. ഭക്ഷണം നൽകിയ ശേഷം രാത്രി പന്ത്രണ്ടോടെ താൽക്കാലിക താമസത്തിനായി തൃപ്രയാർ ആക്ട്‌സിന്റ ആംബുലൻസിൽ കൊടുങ്ങല്ലൂർ ദയ അഗതിമന്ദിരത്തിൽ എത്തിച്ചു. പിന്നീട് വാട്‌സ് ആപ്പ്, ഫെയ്‌സ് ബുക്ക് ഉൾപ്പെടെയുള്ള നവ മാധ്യമങ്ങൾ വഴിയും അന്വേഷണം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളും സന്നദ്ധ പ്രവർത്തകരും പോലീസും, ദയ അഗതിമന്ദിരം ഭാരവാഹികളും, നാട്ടുകാരും ചേർന്ന് ഇയാളുടെ അമ്മയെ കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു. രാത്രി മുഴുവൻ നീണ്ട അന്വേഷണത്തിന് ഒടുവിൽ പുലർച്ചെയാണ് പട്ടിക്കാട് താളിക്കോട് മാങ്ങാട്ടത്തിൽ സരുവിന്റെ മകൻ മനുവാണ് വഴി തെറ്റി അലഞ്ഞ് എടമുട്ടത്ത് എത്തിയത് എന്ന് മനസ്സിലായത്.

മനുവും,അമ്മയും, അമ്മാമയും മാത്രമടങ്ങുന്ന നിർധന കുടുംബമാണ് ഇവരുടേത്. ഉച്ചയോടെ കൊടുങ്ങല്ലൂർ ദയയിലെത്തിയ കുടുംബാംഗങ്ങൾ മനുവിനെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയി.
വലപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ആർ ജിത്ത്, പഞ്ചായത്ത് അംഗം അജ്മൽ ഷെരീഫ്, ഷെമീർ എളേടത്ത്, സുമേഷ് പാണാട്ടിൽ, വലപ്പാട് സ്‌റ്റേഷൻ ഹൗസ് ഓഫീസർ കെ.എസ് സുശാന്ത്, എഎസ്‌ഐ വിനോദ് കുമാർ, സിപിഒ പ്രണവ്, പീച്ചി സ്‌റ്റേഷൻ സിപിഒ സനിൽകുമാർ, ദയ ജലീൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ശ്രമങ്ങളാണ് മനുവിനെ കുടുംബത്തോടൊപ്പം ചേർക്കാൻ വഴിയൊരുക്കിയത്.



Post a Comment

0 Comments