പട്ടിക്കാട്. തൃശൂർ താലൂക്കിന് കീഴിൽ വരുന്ന 78 വില്ലേജുകളിൽ 2022-23 സാമ്പത്തിക വർഷം ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച വെച്ച 5 വില്ലേജുകളിൽ ഒന്നായി മാറി പാണഞ്ചേരി വില്ലേജ്. റവന്യൂ റിക്കവറി, ലാൻഡ് റവന്യൂ കളക്ഷനുകളിൽ ഉയർന്ന സ്ഥാനവും പാണഞ്ചേരി വില്ലേജിന് ഉണ്ട്. ജീവനക്കാരുടെയും പൊതുജനങ്ങളുടെയും മികച്ച സഹകരണമാണ് പാണഞ്ചേരി വില്ലേജിന് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് പാണഞ്ചേരി വില്ലേജ് ഓഫീസർ ടി.കെ. അനിൽകുമാർ പറഞ്ഞു. 2022-23 സാമ്പത്തിക വർഷം 1,57,98,223 രൂപ റവന്യൂ റിക്കവറി ഇനത്തിലും, 1,47,90,833 രൂപ ലാൻഡ് റവന്യൂ ഇനത്തിലും പിരിച്ചെടുത്തിട്ടുണ്ട്. കുടിശ്ശിക ഉൾപ്പെടെയുള്ള ആർആർ, എൽആർ, കെട്ടിട നികുതി, ആഡംബര നികുതി എന്നിവ 100% പിരിച്ചെടുക്കാനും വില്ലേജിന് സാധിച്ചിട്ടുണ്ടെന്ന് വില്ലേജ് ഓഫീസർ പറഞ്ഞു. ഈ കാലയളവിൽ 10547 സർട്ടിഫിക്കറ്റുകൾ അനുവദിച്ചു നൽകിയിട്ടുമുണ്ട്. കൂടാതെ പട്ടയ വിതരണം, പോക്കുവരവ്, സിഎംഡിആർഎഫ്, മറ്റ് പെൻഷനുകൾ എന്നിവയിൽ അനുവദിക്കാവുന്ന മുഴുവൻ അപേക്ഷകളും തീർപ്പ് കൽപ്പിക്കുകയും ചെയ്തു. സാമ്പത്തിക വർഷം വനംവകുപ്പ് പട്ടയങ്ങൾ ഉൾപ്പെടെ നൂറിൽ താഴെ പട്ടയങ്ങൾ വിതരണം ചെയ്യാനും വില്ലേജിന് സാധിച്ചിട്ടുണ്ടെന്നും ഇരുമ്പുപാലത്തുള്ള 19 വീടുകളുടെ പട്ടയ നടപടികൾ ആരംഭിച്ചതായും വില്ലേജ് ഓഫീസർ പറഞ്ഞു.
2022-23 സാമ്പത്തിക വർഷം പീച്ചി വില്ലേജ് ഓഫീസിൽ 85 ലക്ഷം രൂപ റവന്യൂ റിക്കവറി ഇനത്തിലും , 60 ലക്ഷം രൂപ ലാൻഡ് റവന്യൂ ഇനത്തിലും പിരിച്ചെടുത്തിട്ടുണ്ട്. 85 ഓളം പട്ടയങ്ങളും പതിനായിരത്തിൽ താഴെ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.


0 Comments