സംസ്ഥാന ക്വാറി ക്രഷർ കോഓർഡിനേഷൻ കമ്മിറ്റിയുടെ അനിശ്ചിതകാല പണിമുടക്ക്; നിർമ്മാണ മേഖല സ്തംഭിച്ചു


തൃശൂർ. സംസ്ഥാന ക്വാറി, ക്രഷർ കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 17 മുതൽ ആരംഭിച്ച അനിശ്ചിതകാല പണിമുടക്കിനെ തുടർന്ന് നിർമ്മാണ മേഖല പൂർണമായും സ്തംഭിച്ചു. കരിങ്കൽ, ക്വാറി വ്യവസായങ്ങളുടെമേൽ സർക്കാർ ഏർപ്പെടുത്തിയ കരിനിയമങ്ങൾ പിൻവലിക്കണമെന്നും പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടാണ് സമരം. ക്വാറി ക്രഷർ മേഖലകളിലുള്ളവരെ കള്ളന്മാരും കൊള്ളക്കാരുമായാണ് സർക്കാർ ചിത്രീകരിക്കുന്നതെന്നും പത്തും അമ്പതും കോടി പിഴയിട്ട് നോട്ടീസ് നൽകുന്ന രീതിയാണ് ഉള്ളതെന്നും കോഓർഡിനേഷൻ കമ്മിറ്റി ആരോപിച്ചു. സർക്കാരിന്റെ പുതിയ ക്വാറി നയം തിരുത്തുക, സർക്കാർ ഭൂമിയിലെ ഖനനാനുവാദം പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് അനധികൃതമായി  ക്രഷർ മെറ്റീരിയലുകൾ കടത്തുന്നത് തടയാൻ സർക്കാർ നടപടിയെടുക്കണം. സർക്കാരിന്റെ റവന്യൂ വരുമാനം വർധിപ്പിക്കാൻ സ്ഥാപനങ്ങളുടെ മേൽ ഇപ്പോൾ അമിത സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുകയാണ്.

മാർച്ച് 31ന് സർക്കാർ പുറത്തിറക്കിയ അസാധാരണ ഗസറ്റ് വിജ്ഞാപനം ക്വാറി ക്രഷർ മേഖലയിലെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണ്. ക്വാറി ഉടമയ്‌ക്കോ സർക്കാരിനോ യാതൊരു ഗുണവും ഇല്ലാത്ത സാധാരണ ജനങ്ങൾക്കും നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്ന ലക്ഷക്കണക്കിന് തൊഴിലാളികൾക്കും ഉപകാരപ്പെടാത്ത വിജ്ഞാപനത്തിലെ നിബന്ധനകൾ തിരുത്തണമെന്നും സംസ്ഥാന ക്വാറി ക്രഷർ കോഓർഡിനേഷൻ  കമ്മിറ്റി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർ നടത്തുന്ന പീഡനങ്ങളെ സംബന്ധിച്ചും സർക്കാരിന് അടയ്‌ക്കേണ്ടി വന്ന തുക ഉപഭോക്താക്കളിൽ നിന്നും പിരിച്ചെടുക്കേണ്ടി വന്നപ്പോൾ സ്ഥാപനങ്ങളുടെ ഗേറ്റിനുമുന്നിൽ കൊടികുത്തി പ്രവർത്തനം തടസ്സപ്പെടുത്തിയതിനെതിരെയുമുള്ള തങ്ങളുടെ നിലപാടുകൾ സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് കമ്മിറ്റി വ്യക്തമാക്കി. 

സംസ്ഥാനത്ത് ക്വാറി ക്രഷർ സമരം പൂർണമാണെന്നും പ്രശ്‌നപരിഹാരത്തിനായി സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ  നിർമ്മാണ മേഖലയും തൊഴിൽ മേഖലയും വലിയ തകർച്ചയിലേക്ക് നീങ്ങുമെന്നും സംസ്ഥാന ക്വാറി ക്രഷർ കോഓർഡിനേഷൻ തൃശൂർ ജില്ലാ ചെയർമാൻ മൈക്കിൾ മിഖായേൽ തോമസ്, കൺവീനർ പി.ടി ഡേവിസ്, വൈസ് ചെയർമാൻമാരായ ഷിബു പൈനാടത്ത്, പരമേശ്വരൻ, ട്രഷറർ കെ.പി ഔസേപ്പ് എന്നിവർ പറഞ്ഞു. 

മഴക്കാലമെത്താൻ ഏതാനും ആഴ്ചകൾ മാത്രം ശേഷിച്ചിരിക്കെ ആരംഭിച്ച ക്വാറി സമരം സാധാരണ ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. നിർമ്മാണ സാമഗ്രികളുടെ വില കുത്തനെ ഉയർന്നതോടെ കെട്ടിട നിർമ്മാണ മേഖല വൻ പ്രതിസന്ധിയിലായിരിക്കുകയാണ്.




Post a Comment

0 Comments