പട്ടിക്കാട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടുള്ള എൽഡിഎഫ് സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പ്രതിപക്ഷ കോൺഗ്രസ് അംഗങ്ങൾ ഗ്രാമപഞ്ചായത്തിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. പ്രതിപക്ഷ നേതാവ് ബാബു തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി. അഭിലാഷ് കുത്തിയിരുപ്പ് സമരം ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ നടുവൊടിക്കുന്ന രീതിയിലാണ് സംസ്ഥാന സർക്കാർ ടാക്‌സ് വർദ്ധനവ് നടത്തിയിരിക്കുന്നതെന്നും മൂന്നുമാസമായി ക്ഷേമപെൻഷനുകൾ നൽകാതെയും പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ലിറ്ററിന് രണ്ട് രൂപ സെസ് ഏർപ്പെടുത്തിയും കേരളത്തിലെ ജനതയെ ദുരിതത്തിലേയ്ക്ക് തള്ളിവിടുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും കെ.സി. അഭിലാഷ് പറഞ്ഞു. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ എൽഡിഎഫ് ഭരണസമിതിയും സംസ്ഥാന സർക്കാരിൽ നിന്നും വ്യത്യസ്തമല്ലെന്നും പ്രതിപക്ഷ മെമ്പർമാരെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അഭിലാഷ് കുറ്റപ്പെടുത്തി. പഞ്ചായത്ത് അംഗങ്ങളായ കെ.പി. ചാക്കോച്ചൻ, ഷൈജു കുര്യൻ, സി.എസ് ശ്രീജു, സുശീല രാജൻ, മുൻ മണ്ഡലം പ്രസിഡൻറ് ഷിബു പോൾ, മുൻ പഞ്ചായത്ത് അംഗം കെ.പി. എൽദോസ്, ബിനു വർഗീസ്, എ.സി. മത്തായി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.


0 Comments