പട്ടിക്കാട്. കെട്ടിട നികുതിയും പെർമിറ്റ് ഫീസും അന്യായമായി വർധിപ്പിച്ച് ഇടതു സർക്കാർ നികുതി കൊള്ള നടത്തുകയാണെന്ന് ആരോപിച്ച് യുഡിഎഫ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. പീച്ചി റോഡ് മണ്ഡലം കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിനു മുൻപിൽ എത്തി അവസാനിച്ചു.
തുടർന്ന് നടന്ന ധർണ്ണ ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. അന്യായമായി നികുതി പണം പിരിച്ചെടുക്കുക മാത്രമാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും അതുപയോഗിച്ച് മന്ത്രിമാർ വിദേശ യാത്രനടത്തുന്നതല്ലാതെ സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നും ഷാജി കോടങ്കണ്ടത്ത് ആരോപിച്ചു. കഴിഞ്ഞ ആറ് മാസമായി സാമൂഹ്യക്ഷേമ പെൻഷൻ മുടങ്ങി കിടക്കുകയാണെന്നും അകാരണമായി പെൻഷൻ ലിസ്റ്റിൽ നിന്നും പാവപ്പെട്ട ആളുകളെ ഒഴിവാക്കുകയുമാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ബാബു തോമസ് അധ്യക്ഷത വഹിച്ച ധർണ്ണയിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെസി അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി, മിൽമ ഡയറക്ടർ ബോർഡ് അംഗം ഭാസ്കരൻ ആദം കാവിൽ, കേരള കോൺഗ്രസ് ജേക്കബ് - ജില്ലാ പ്രസിഡന്റ് പി.എം.ഏല്യാസ്, വൈസ് പ്രസിഡൻറ് സോമൻ കൊളപ്പാറ, നിയോജക മണ്ഡലം പ്രസിഡന്റ് സി.ഒ എൽദോസ്, കോൺഗ്രസ് പാണഞ്ചേരി മണ്ഡലം പ്രസിഡണ്ട് കെ പി ചാക്കോച്ചൻ, ഷിബു പോൾ, പ്രവീൺ രാജു, കെ പി എൽദോസ്, ലിബീഷ് തുടങ്ങി യുഡിഎഫ് നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു.


0 Comments