ജലനിധി പദ്ധതിയിൽ സംസ്ഥാന വ്യാപകമായി വൻ ക്രമക്കേടെന്ന് വിജിലൻസ് കണ്ടെത്തൽ


തിരുവനന്തപുരം. ജലനിധി പദ്ധതിയിൽ സംസ്ഥാന വ്യാപകമായി വൻ ക്രമക്കേട് നടന്നിട്ടുള്ളതായി വിജിലൻസ് കണ്ടെത്തി. കേരള റൂറൽ വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ ഏജൻസിയാണ് പദ്ധതി നടപ്പാക്കിയത്. ഇതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് നൽകുമെന്ന് വിജിലൻസ് മേധാവി മനോജ് എബ്രഹാം വ്യക്തമാക്കി.

46 ഗ്രാമപഞ്ചായത്തുകളിലായി നടത്തിയ പരിശോധനയിൽ പലയിടത്തും പദ്ധതി നിർജീവമാണെന്ന് കണ്ടെത്തി. ഇത് സർക്കാരിന് ഭീമമായ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു. വിജിലൻസ് സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷൻ ഡെൽറ്റ എന്ന മിന്നൽ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. 

കഴിഞ്ഞ ഡിസംബർ 6ന് ജലനിധി പീച്ചി എസ്.എൽ.ഇ.സി യുടെ പട്ടിക്കാടുള്ള ഓഫീസിലും വിജിലൻസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ജലനിധിയുടെ 2016 മുതലുള്ള അക്കൗണ്ടുകൾ വിജിലൻസ് ഉദ്യോഗസ്ഥർ പരിശോധിക്കുകയും  മയിലാട്ടുംപാറയിലെ ജലശുദ്ധീകരണ പ്ലാന്റിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. പദ്ധതിയുടെ പ്രവർത്തനം നിർജീവമായിട്ട് ഇപ്പോൾ ഒരു വർഷമായി. നിരവധി ഉപഭോക്താക്കളാണ് കടുത്ത വേനലിൽ കുടിവെള്ളം കിട്ടാതെ വലയുന്നത്. മാത്രമല്ല പുതിയ മോട്ടോറുകൾ സ്ഥാപിച്ച് മറ്റുള്ള അറ്റകുറ്റ പണികൾ പൂർത്തിയാക്കുകയും ചെയ്‌തെങ്കിൽ മാത്രമേ പദ്ധതി പുനരാരംഭിക്കാൻ സാധിക്കൂ എന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന വിശദീകരണം.

സംസ്ഥാന വ്യാപകമായി ഗുണനിലവാരമില്ലാത്ത പൈപ്പുകളും മോട്ടോറുകളും അനുബന്ധ ഉപകരണങ്ങളുമാണ് ഉപയോഗിക്കുന്നതെന്നും വിജിലൻസ് കണ്ടെത്തി. പലയിടത്തും പൈപ്പുകൾ വേണ്ടത്ര ആഴത്തിൽ കുഴിച്ചിട്ടിട്ടില്ല. പൈപ്പിൽ നിന്ന് വെള്ളം ലഭിക്കുന്നില്ലെങ്കിലും ഗുണഭോക്താക്കൾക്ക് ബില്ല് അടയ്‌ക്കേണ്ടി വരുന്നതായും കണ്ടെത്തി. പ്രവൃത്തികൾക്ക് ആവശ്യമായ തുകയിൽ ഗുണഭോക്തൃവിഹിതമായി 16 ശതമാനം മാത്രം വാങ്ങുന്നതിന് പകരം ജി.പി.എൽ.സിയുടെ ഗുണഭോക്താക്കളിൽ നിന്ന് കൂടുതൽ തുക പിരിച്ചെടുക്കുന്നു എന്നും പരാതിയുണ്ട്. ഈ തുക സർക്കാരിലേക്ക് നൽകാതെ ഇവർ വീതിച്ചെടുക്കുകയാണെന്നാണ് ആരോപണം.



Post a Comment

0 Comments