കനാൽ വെള്ളം തുറന്നു വിടണം: വിഷയത്തിൽ പഞ്ചായത്ത് ഇടപെടുന്നു


പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിൽ വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ പീച്ചി ഡാമിന്റെ കനാലുകൾ തുറന്നു വെള്ളം വിടണമെന്ന ആവശ്യവുമായി പഞ്ചായത്ത് മുന്നോട്ട് വന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ തൃശൂർ മേജർ ഇറിഗേഷൻ ഡിവിഷനിലെ എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് കത്ത് നൽകി. 

പാണഞ്ചേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ വരൾച്ചയാണ് അനുഭവപ്പെടുന്നത്.  കാർഷിക വിളകൾക്ക് വൻതോതിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.  ജല ദൗർലഭ്യം മൂലം ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്. ഈ സാഹചര്യത്തിൽ പീച്ചി ഇറിഗേഷൻ വലതുകര കനാൽ തുറന്നു കൊടുക്കുന്നതു് ഒരു പരിധി വരെ ജലക്ഷാമത്തിന് പരിഹാരമാകും എന്നാണ് പഞ്ചായത്തിന്റെ വിലയിരുത്തൽ. അതിനാൽ അടിയന്തിരമായി കനാൽ കമ്മിറ്റി ചേരുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് പ്രസിഡന്റ് കത്ത് നൽകിയിരിക്കുന്നത്. 

മുമ്പെങ്ങും ഇല്ലാത്ത വിധം കൊടിയ വരൾച്ചയിലേക്ക് പാണഞ്ചേരി പഞ്ചായത്ത് നീങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കനാലുകൾ വീണ്ടും തുറന്ന് വെള്ളം വിടാൻ പഞ്ചായത്ത് ഇടപെടണമെന്ന ജനങ്ങളുടെ ആവശ്യം പ്രൈം ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വരൾച്ചയ്ക്കിരയായ കർഷകരുടെയും മറ്റ് ജനവിഭാഗങ്ങളുടെയും അവസ്ഥകൾ അന്വേഷിച്ച് അറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പത്രം വാർത്ത പ്രസിദ്ധീകരിച്ചത്. പഞ്ചായത്ത് ഇക്കാര്യത്തിൽ ആവശ്യവുമായി മുന്നോട്ടു പോകുന്നതോടെ ഇറിഗേഷൻ വകുപ്പിൽ നിന്ന്  അനുകൂലമായ നടപടികൾ ഉണ്ടാകും എന്നാണ് ജനങ്ങളുടെ പ്രതീക്ഷ.



Post a Comment

0 Comments