പട്ടിക്കാട്. കൂട്ടാല മണലിപ്പുഴ ധർമ്മപാലൻ കടവ് ഭാഗത്ത് നിർമ്മിച്ച തടയണ തകർന്നു. തടയണയുടെ താഴ്ഭാഗത്ത് ഒന്നര മീറ്റർ താഴ്ചയിലും 4 മീറ്റർ വീതിയിലും നിർമ്മിച്ച കോൺക്രീറ്റ് കെട്ടിന്റെ അടിഭാഗം തള്ളിപ്പോയി. 30 മീറ്റർ നീളമുള്ള തടയണയുടെ പ്രധാന കെട്ടിന്റെ സംരക്ഷണഭിത്തിയോട് ചേർന്ന ഭാഗമാണ് തകർന്നത്. തടയണ തകരുന്നതിന് മുൻപ് പഞ്ചായത്ത് അംഗങ്ങളായ സി.എസ് ശ്രീജുവിന്റെയും, ബീന പൗലോസിന്റെയും നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് ചാക്കിൽ മണൽ നിറച്ച് സംരക്ഷണഭിത്തി ഒരുക്കിയെങ്കിലും ഫലമുണ്ടായില്ല. മൂന്നു പതിറ്റാണ്ട് പഴക്കമുള്ളതാണ് ഈ തടയണ. മൂന്നു തവണ താൽക്കാലിക ഭിത്തി കിട്ടിയെങ്കിലും കനത്ത ഒഴുക്കിൽ അത് പൂർണ്ണമായും തകർന്നുപോയി. ഇതോടെ ഇതുമായി ബന്ധപ്പെട്ട കാർഷിക കുടിവെള്ള പദ്ധതി രണ്ടെണ്ണം പൂർണമായി നിലച്ചു. നൂറിലേറെ കുടുംബങ്ങളും 250 ഏക്കർ കൃഷിഭൂമിയും വേനൽക്കാലത്ത് ഈ വെള്ളത്തെ ആശ്രയിക്കുന്നുണ്ട്. നിലവിൽ ഈ മേഖലയിലെ കൃഷികളെല്ലാം തന്നെ വരൾച്ച ഭീഷണി നേരിടുകയാണ്. രൂക്ഷമായ കുടിവെള്ള പ്രതിസന്ധി മറികടക്കാൻ അടിയന്തരമായി പഞ്ചായത്ത് താൽക്കാലിക സംരക്ഷണഭിത്തി നിർമ്മിക്കണമെന്നും അടുത്ത വേനൽക്കാലത്തിന് മുൻപായി ശാശ്വതമായ രീതിയിൽ തടയനയുടെ നിർമ്മാണം പൂർത്തീകരിക്കണമെന്നും പഞ്ചായത്ത് അംഗം സി.എസ് ശ്രീജു ആവശ്യപ്പെട്ടു.


0 Comments