ഇഫ്താർ വിരുന്നുകൾ സാമുദായിക സൗഹാർദ്ദം ഊട്ടിയുറപ്പിക്കും പി.പി രവീന്ദ്രൻ


പട്ടിക്കാട്. ഇഫ്താർ വിരുന്നുകൾ സാമുദായിക സൗഹാർദ്ദം ഊട്ടിയുറപ്പിക്കുമെന്ന് പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ പറഞ്ഞു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഭാഗീയ ചിന്തകൾക്കതീതമായി അന്യമത വിശ്വാസങ്ങളോട് ഐക്യപ്പെടുന്ന മതസൗഹാർദ്ദത്തിന്റെ മാതൃകയാണ് ഓരോ ഇഫ്താർ വിരുന്നുകളും. ഒരു വിശ്വാസി മറ്റൊരു വിശ്വാസിയെ നോമ്പുതുറപ്പിക്കുന്നതിലൂടെ ഇരട്ടി നോമ്പിന്റെ പ്രതിഫലമാണ് ലഭിക്കുക എന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രിൽ 18 വൈകിട്ട് 5.30ന് പഞ്ചായത്ത് ഹാളിൽ ചേർന്ന ഇഫ്താർ സംഗമത്തിന് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കൾ, സംഘടനാ പ്രതിനിധികൾ, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ, മാധ്യമപ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള ഒട്ടേറെ പേർ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു. തൃശ്ശൂർ താലൂക്കിലെ മികച്ച വില്ലേജുകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട പാണഞ്ചേരി വില്ലേജ് ഓഫീസിന് നേതൃത്വം നൽകുന്ന വില്ലേജ് ഓഫീസർ ടി.കെ അനിൽകുമാറിനെ ചടങ്ങിൽ ആദരിച്ചു.  

പ്രതിപക്ഷ നേതാവ് ബാബു തോമസ്, ജില്ലാ പഞ്ചായത്ത് അംഗം കെ.വി സജു, പീച്ചി പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ പി.എം രതീഷ്, പീച്ചി ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുമു സ്‌കറിയ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുബൈദ അബൂബക്കർ, പഞ്ചായത്ത് സെക്രട്ടറി പി.ആർ ജോൺ, വിവിധ പാർട്ടികളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു. നോമ്പുതുറയ്ക്ക് വിവിധ ഇനങ്ങളിൽ ഉള്ള പഴങ്ങളും പാനീയങ്ങളും ഒരുക്കിയിരുന്നു. തുടർന്ന് വിഭവസമൃദ്ധമായ വിരുന്നും ഉണ്ടായിരുന്നു.



Post a Comment

0 Comments