ഓട്ടിസം ബാധിച്ച ശ്രീലക്ഷ്മിക്ക് 'ഹെൽപ്' വീടൊരുക്കും; സ്ഥലം സൗജന്യമായി നൽകി മുൻ പോലീസ് ഉദ്യോഗസ്ഥൻ


പട്ടിക്കാട്. ഓട്ടിസം ബാധിച്ച 8 വയസ്സുകാരി ശ്രീലക്ഷ്മിയ്ക്കും കുടുംബത്തിനും സ്വന്തമായി ഒരു വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകാൻ വഴിയൊരുങ്ങിയിരിക്കുകയാണ്. ചേരുംകുഴി സ്വദേശി ഓലിക്കൽ ഒ.സി. ദേവസ്സി 5 സെന്റ് സ്ഥലം ഇവർക്ക് സൗജന്യമായി നൽകി മനുഷ്യ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായി. ഒല്ലൂർ പോലീസ് സ്‌റ്റേഷനിലെ മുൻ സബ് ഇൻസ്‌പെക്ടറാണ് ഒ.സി. ദേവസ്സി. സുമനസ്സുകളുടെ സഹായങ്ങൾ കൂടി ലഭിച്ചാൽ വീട് യാഥാർഥ്യമാകും. തൃശൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഹെൽപ്പിന്റെ നേതൃത്വത്തിലാണ് വീട് ഒരുക്കാനുള്ള പരിശ്രമങ്ങൾ നടത്തുന്നത്. സാമ്പത്തിക സഹായങ്ങൾ സ്വീകരിക്കുന്നതിന് പകരം സഹായ മനസ്‌കരിൽ നിന്ന് ഭവന നിർമ്മാണത്തിനുള്ള സാധനങ്ങളും സേവനങ്ങളും സ്വരൂപിച്ചു കൊണ്ടാണ്  'ഹെൽപ്പ്' നിർധനർക്ക് വീട് വെച്ചു നൽകുന്നത്. ഫാ. ജോർജ് കണ്ണംപ്ലാക്കൽ രക്ഷാധികാരി ആയ ഈ സന്നദ്ധ സംഘടന നിർമ്മിച്ചു നൽകുന്ന അഞ്ചാമത്തെ വീടാണ് ശ്രീലക്ഷ്മിയുടേത്. 

തൃശൂർ കാച്ചേരി സ്വദേശിയായ സുമേഷിന്റെയും അമൃതയുടെയും ഏക മകളാണ് ശ്രീലക്ഷ്മി. നിർധന കുടുംബമായ ഇവർക്ക് സ്വന്തമായി സ്ഥലമോ വീടോ ഉണ്ടായിരുന്നില്ല. രണ്ടുപേരുടെയും ആരോഗ്യസ്ഥിതിയും മോശമായിരുന്നു. മകൾ ശ്രീലക്ഷ്മിക്ക് ഓട്ടിസമാണ് എന്നറിഞ്ഞതോടെ കുടുംബം വലിയ പ്രതിസന്ധിയിലായി. ഇതോടെയാണ് ഇവർക്ക് സഹായഹസ്തവുമായി 'ഹെൽപ് ' മുന്നോട്ടുവന്നത്. പൊതുപ്രവർത്തകനും പട്ടയ സമര നേതാവുമായ ജോർജ് കാക്കശ്ശേരിയുടെ നേതൃത്വത്തിൽ വിഷുദിനത്തിൽ ഹെൽപ് പ്രവർത്തകർ ശ്രീലക്ഷ്മിയുടെ വീടിനുള്ള പരിശ്രമങ്ങൾക്ക് തുടക്കം കുറിച്ചു. 

ഫാ. ജോർജ് കണ്ണംപ്ലാക്കൽ, വാർഡ് മെമ്പർ മിനി വിനോദ്, തോമസ് ഐക്കരോട്ടുപറമ്പിൽ, വി.വി ജോസ്, ചെറിയാൻ ഇ ജോർജ്. വി.കെ. ചന്ദ്രൻ, കെ.ജി രാജൻ എന്നിവരുടെ സാന്നിധ്യത്തിൽ ഒ.സി ദേവസ്സി ഭൂമിയുടെ രേഖകൾ അമൃതയ്ക്ക് കൈമാറി.



Post a Comment

0 Comments