വന്യജീവി ആക്രമണത്തിനുള്ള നഷ്ടപരിഹാരത്തുക വർധിപ്പിച്ചു നൽകും: മന്ത്രി എ.കെ. ശശീന്ദ്രൻ


പീച്ചി: വന്യജീവി ആക്രമണത്തിൽ കർഷകർക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തുക കൃഷിവകുപ്പിന്റെ സഹകരണത്തോടെ വർധിപ്പിക്കുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. കേരള വനഗവേഷണ കേന്ദ്രത്തിൽ നടന്ന വന സൗഹൃദ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഫോറസ്റ്റ് വാച്ചർമാരുടെ ശമ്പള കുടിശ്ശിക ഉടൻ കൊടുത്ത് തീർക്കുകയും ജില്ലയിൽ മൂന്നിടത്ത് സോളാർ വൈദ്യുതി വേലി സ്ഥാപിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 

റവന്യൂ മന്ത്രി കെ. രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പട്ടയ ഭൂമിയിലെ മരങ്ങളുടെ അവകാശം ഉടമസ്ഥനാണ് എന്നും നട്ടുവളർത്തിയതും പട്ടയം ലഭിച്ചതിനുശേഷം സ്വാഭാവികമായി വളർന്നുവന്നതുമായ മരങ്ങൾ നിയമ തടസ്സം കൂടാതെ മുറിച്ചുമാറ്റാൻ കഴിയും എന്നും അതിൽ ആശങ്ക വേണ്ട എന്നും മന്ത്രി കെ രാജൻ പറഞ്ഞു. മന്ത്രി കെ.രാധാകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.

വനസൗഹൃദ സദസിന്റെ ഭാഗമായി ഒല്ലൂർ, വടക്കാഞ്ചേരി, കുന്നംകുളം, ചേലക്കര നിയോജകമണ്ഡലങ്ങളിൽ ഉൾപ്പെടുന്ന എല്ലാ പഞ്ചായത്തുകളിൽ നിന്നുമുള്ള പ്രതിനിധികൾ തങ്ങൾ നേരിടുന്ന പ്രധാന പ്രശ്‌നം അവതരിപ്പിച്ചു. ജനപ്രതിനിധികളുമായി ചർച്ച നടത്തിയതിന് ശേഷമാണ് പൊതുസമ്മേളനം ആരംഭിച്ചത്. സേവിയർ ചിറ്റിലപ്പിള്ളി എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, വനഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. ശ്യാം വിശ്വനാഥ്,  ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി. അഭിലാഷ്, സിപിഎം ഏരിയ സെക്രട്ടറി എം.എസ്. പ്രദീപ്കുമാർ, കർഷകമോർച്ച ജില്ല ജനറൽ സെക്രട്ടറി പ്രശാന്ത് നടുവില വളപ്പിൽ  തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments