കണ്ണാറ. ബൈക്ക് അപകടത്തിൽ മരണപ്പെട്ട കോൺഗ്രസ് നേതാവ് റോയ് തോമസിന്റെ കുടുംബത്തെ കൈവിടാതെ ചേർത്തു പിടിച്ച് പാണഞ്ചേരിയിലെ കോൺഗ്രസ് പ്രവർത്തകർ. റോയ് തോമസിന്റെ മരണത്തെ തുടർന്ന് വീടിന്റെയും കുടുംബത്തിന്റെയും സംരക്ഷണച്ചുമതല കോൺഗ്രസ് ഏറ്റെടുക്കുമെന്ന് തൃശ്ശൂർ എംപി ടി.എൻ. പ്രതാപനും, മുൻ എംഎൽഎ എം.പി. വിൻസെന്റും, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി.അഭിലാഷും അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി കെപിസിസി അംഗം ലീലാമ്മ തോമസിന്റെയും റോയ് തോമസിന്റെ ഭാര്യ ആൻസിയുടെയും പേരിൽ പട്ടിക്കാട് ഫെഡറൽ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ച് റോയ് തോമസ് കുടുംബ സഹായനിധി ആരംഭിച്ചു. വിവിധ ബാങ്കുകളിലായി ആകെ 5,82,725 രൂപ അടച്ചാണ് ജപ്തി നടപടികൾ ഒഴിവാക്കി ആധാരം തിരിച്ചെടുത്തത്.
റോയ് തോമസിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ വച്ച് മുൻ എംഎൽഎ എം.പി. വിൻസെന്റ് ആധാരം റോയി തോമസിന്റെ കുടുംബത്തിന് കൈമാറി. അകാലത്തിൽ പൊലിഞ്ഞ റോയ് തോമസിന്റെ കുടുംബത്തെ കോൺഗ്രസ് ഒരിക്കലും കൈവിടില്ലെന്നും, സഹായനിധി സ്വരൂപിക്കാൻ പരിശ്രമിച്ച കോൺഗ്രസ് പ്രവർത്തകരുടെ പ്രവർത്തനങ്ങൾ ശ്ലാഹനീയമാണെന്നും അദ്ദേഹം പറഞ്ഞു. റോയ് തോമസിന്റെ ബാധ്യതകൾ തീർക്കാനുള്ള ചുമതലകളുമായി കോൺഗ്രസ് പ്രവർത്തകർ ഇനിയും മുന്നോട്ടു പോവുകയാണെന്നും വീടുപണിയുടെ പൂർത്തീകരണം മാരാക്കൽ സ്വദേശിയായ ബിനോയ് കയ്യാണിക്കൽ ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
റോയ് തോമസ് സഹായനിധിയിലേക്ക് ആദ്യം തന്നെ സഹായം നൽകിയ എം.പി. വിൻസെന്റ് കോൺഗ്രസ് പ്രവർത്തകർക്ക് മാതൃകയും ഊർജ്ജവും നൽകി എന്നും അഭിലാഷ് കൂട്ടിച്ചേർത്തു. കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടപ്പാക്കേണ്ടതുണ്ട് എന്നും അതിനുള്ള സഹായം ജനങ്ങളിൽ നിന്നും ഇനിയും പ്രതീക്ഷിക്കുന്നതായും ലീലാമ്മ തോമസ് പറഞ്ഞു. പാണഞ്ചേരിയിലെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മഹിള കോൺഗ്രസ്, പോഷക സംഘടന പ്രവർത്തകർ, നാട്ടുകാർ എന്നിവർ സഹായനിധി സമാഹരണത്തിന് നേതൃത്വം നൽകി.
മണ്ഡലം പ്രസിഡന്റുമാരായ ബാബു തോമസ്, കെ.പി. ചാക്കോച്ചൻ, റോയി കെ. ദേവസ്സി, ബ്ലെസ്സൻ വർഗ്ഗീസ്, സി.വി. ജോസ്, എ.സി. മത്തായി, തിമത്തി പാർളിക്കാടൻ, ജോജോ കണ്ണാറ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

.jpg)
0 Comments