പട്ടിക്കാട്. ദേശീയപാതയിലെ പട്ടിക്കാട് പീച്ചി റോഡ് അടിപ്പാതയുടെ താഴെ റോഡിന് കുറുകെ പോകുന്ന കാനയുടെ മാൻഹോൾ അപകടഭീഷണി ഉയർത്തുന്നതായി പരാതി. തൃശ്ശൂരിലേക്ക് പോകുന്ന സർവീസ് റോഡിലാണ് അപകട ഭീഷണി ഉയർത്തുന്ന ആറടിയോളം താഴ്ചയുള്ള മാൻഹോൾ സ്ഥിതി ചെയ്യുന്നത്. ഇതിന് മുകൾ ഭാഗം അടയ്ക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. സർവീസ് റോഡിലൂടെ ഇരു ഭാഗത്തേക്കും വാഹനങ്ങൾ പോകുമ്പോൾ പാലത്തിനോട് ചേർന്ന് പോകുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യത ഏറെയാണ്. മാൻ ഹോളിനോട് ചേർന്ന് അത്രതന്നെ വീതിയിൽ ഡിവൈഡറും സ്ഥാപിച്ചിട്ടില്ല. ഇത് അപകട സാധ്യത കൂട്ടുന്നു. ഇരുചക്രവാഹനങ്ങൾക്കാണ് അപകട സാധ്യത കൂടുതൽ. ഹൈവേ അധികൃതരോടും കരാർ കമ്പനിക്കാരോടും നിരവധി തവണ പരാതിപ്പെട്ടെങ്കിലും യാതൊരു ഗുണമുണ്ടായില്ല എന്നും അപകടം ഉണ്ടായി മരണം സംഭവിക്കുമ്പോൾ മാത്രമേ അധികാരികളുടെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടാവുകയുള്ളൂ എന്നും പ്രദേശവാസിയും വ്യാപാരി വ്യവസായി സമിതി പ്രസിഡന്റും ആയ ബാബു കൊള്ളന്നൂർ പറഞ്ഞു.


0 Comments