ആൽപ്പാറ കമ്പനിപ്പടിയിൽ അപകടാവസ്ഥയിലായിരുന്ന വീട് തകർന്ന് വീണു


ആൽപ്പാറ. കമ്പനിപ്പടി സമന്യ നഗറിൽ അക്കരക്കാരൻ തങ്ക (71) യുടെ വീടാണ് ഇന്ന് രാവിലെ 11 മണിയോടെ മേൽക്കൂര തകർന്ന് നിലംപൊത്തിയത്. വീടിനകത്തുള്ള ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. തങ്ക വീട്ടിനകത്ത് ഉണ്ടായിരുന്നെങ്കിലും വീട് തകരുന്നത് കണ്ട സമീപത്ത് ഉണ്ടായിരുന്നവർ വിളിച്ചു പറഞ്ഞത് കേട്ട് പുറത്തേക്ക് ഒടിയതിനാൽ വലിയ ദുരന്തം ഒഴിവായി. 2018ലെ പ്രളയത്തിൽ വീടിന് തകർച്ച നേരിട്ടിരുന്നു. മൺകട്ട കൊണ്ട് നിർമ്മിച്ച ഭിത്തി പലയിടത്ത് വീണ്ടുകീറി നിൽക്കുകയായിരുന്നു. പട്ടികയും കഴുക്കോലും ചിതലെടുത്തു ജീർണ്ണിച്ചും എപ്പോൾ വേണമെങ്കിലും തകർന്നു വീഴാവുന്ന അവസ്ഥയിലും ആയിരുന്നു. പ്രളയക്കെടുതിയുടെ ഭാഗമായി കളക്ടർക്ക് നൽകിയ അപേക്ഷയെ തുടർന്ന്  10000 രൂപ അനുവദിച്ചിരുന്നുവെങ്കിലും  അറ്റകുറ്റപ്പണികൾക്ക് അത് തികയുമായിരുന്നില്ല. വീട് പുനർ നിർമ്മിക്കാൻ സഹായം അഭ്യർത്ഥിച്ചുകൊണ്ട് പാണഞ്ചേരി പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും ജില്ലാ കളക്ടർക്കുമെല്ലാം തങ്ക അപേക്ഷ നൽകിയിരുന്നു. എസ്‌സി വിഭാഗത്തിൽ ഉൾപ്പെടുന്നതാണെങ്കിലും സാങ്കേതിക തടസ്സങ്ങൾ ഉന്നയിച്ച് വീടിനുള്ള തങ്കയുടെ അപേക്ഷ പരിഗണിക്കപ്പെട്ടില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ മന്ത്രി കെ. രാജനും പരാതി നൽകിയിരുന്നു. ഭർത്താവ് മരിച്ചു പോയ തങ്കയും വിധവയായ മകൾ കുമാരിയും ആണ് ഇപ്പോൾ ഈ വീട്ടിൽ താമസം. ലോണെടുത്തു വാങ്ങിയ പശുവിനെ വളർത്തിയാണ് തങ്ക ഉപജീവനം കഴിക്കുന്നത്. ലൈഫ് മിഷൻ പദ്ധതിയിലും തങ്കയ്ക്ക് വീട് ലഭിക്കില്ല. സ്വന്തമായുള്ള ഭൂമി ഈടുവെച്ച് മകളുടെ വിവാഹത്തിന് സഹകരണ ബാങ്കിൽ നിന്നും എടുത്ത വായ്പയുടെ തിരിച്ചടവും മുടങ്ങിയിരിക്കുകയാണ്. വിവരമറിഞ്ഞ് വാർഡ് മെമ്പർ സുശീല രാജൻ സ്ഥലത്തെത്തി സാഹചര്യങ്ങൾ വിലയിരുത്തി. വീടിനു വേണ്ടി മുമ്പ് നൽകിയ അപേക്ഷകളും നിലവിലെ സാഹചര്യങ്ങളും വ്യക്തമാക്കി പാണഞ്ചേരി പഞ്ചായത്തിലും, ജില്ലാ കളക്ടർക്കും, മന്ത്രിക്കും വീണ്ടും അപേക്ഷ നൽകി അടിയന്തര പരിഹാരം കാണാനുമുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് വാർഡ് മെമ്പർ  പറഞ്ഞു.



Post a Comment

0 Comments