മാൻഹോളടച്ചെങ്കിലും അപകട സാധ്യത ഒഴിവായില്ല


പട്ടിക്കാട്. ദേശീയപാതയിൽ പട്ടിക്കാട് മേൽപ്പാതയ്ക്കു താഴെ റോഡിന് കുറുകെ പോകുന്ന കാനയുടെ മാൻഹോളിനു മുകളിൽ സ്ലാബിട്ടെങ്കിലും അപകട സാധ്യത ഇപ്പോഴും ഒഴിവായിട്ടില്ല. പ്രതിഷേധങ്ങൾക്കൊടുവിൽ കുഴി അടച്ചെങ്കിലും കുഴിയ്ക്കു മുകളിൽ ഉയർന്നു നിൽക്കുന്ന സ്ലാബിൽ തട്ടി വാഹനങ്ങൾ അപകടത്തിൽ പെടാവുന്ന സ്ഥിതിയാണിപ്പോൾ. ഹൈവേ ജങ്ഷനിലെ മേൽപ്പാതയ്ക്കു സമീപം ഇരുഭാഗത്തെയും സർവ്വീസ് റോഡുകളോട് ചേർന്ന് ആറടിയോളം താഴ്ചയുള്ള മാൻഹോളുകൾ നിർമ്മിച്ചിരുന്നു. ഒരിക്കലും ഇത് അടയ്ക്കാനുള്ള ഉദ്ദേശ്യം കരാർ കമ്പനിക്ക് ഉണ്ടായിരുന്നില്ലെന്ന് അവ നിർമ്മിച്ച രീതി കണ്ടാൽ തന്നെ മനസ്സിലാകും. 

സാധാരണയായി സ്ലാബിട്ട് അടച്ചാലും റോഡ് നിരപ്പിന് സമമായി വരുന്ന രീതിയിലാണ് മാൻഹോളുകൾ പണിയുക. എന്നാൽ ഇവിടെയാകട്ടെ ഇത്തരം നിർമ്മാണങ്ങളിൽ യാതൊരു സാമാന്യ ബോധവുമില്ലാത്തവരാണ് ഈ പണി ചെയ്തതെന്ന് വ്യക്തം. അതുകൊണ്ടാണ് രണ്ട് കല്ലുവെച്ച് അതിനു മുകളിൽ സ്ലാബ് വെക്കേണ്ടി വന്നത്. സ്ലാബ് ഉയർന്നിരിക്കുന്നതിനാൽ സർവീസ് റോഡിൽ പാലത്തിനോട് ചേർന്ന് പോകുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യത ഏറെയാണ്. 

ഇരുചക്രവാഹനങ്ങൾക്കാണ് അപകട സാധ്യത കൂടുതൽ. വലിയ പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് മാൻ ഹോളുകൾ അടച്ചത്. എന്നാൽ ഇത് വീണ്ടും അപകടങ്ങൾക്കിടയാക്കുമോ എന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്.



Post a Comment

0 Comments