പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെയും കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ബൾക്ക് ലോൺ പദ്ധതി ആരംഭിച്ചു. പട്ടിക്കാട് എൽ.പി സ്‌കൂളിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ മിഷൻ കോർഡിനേറ്റർ എസ്.സി. നിർമൽ ലോൺ തുക കൈമാറി.
കുടുംബശ്രീ അംഗങ്ങളായ പിന്നോക്ക /മതന്യൂനപക്ഷ വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ സമഗ്ര പുരോഗതിക്കുവേണ്ടി വ്യവസായികം, കാർഷികം, സേവനം, ഗതാഗതം, കരകൗശലം തുടങ്ങിയ മേഖലകളിൽ ചെറുകിട യുണിറ്റുകൾ തുടങ്ങാൻ വായ്പ നൽകുന്ന പുതിയ പദ്ധതിയാണ് ബൾക്ക് ലോൺ. കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ആണ് പദ്ധതിക്ക് വേണ്ടി പണം ചിലവാക്കുന്നത്.
കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ 23 വാർഡുകളിലെ 29 കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ 377 അംഗങ്ങൾക്കായ് 2,43,00840 രൂപയുടെ ലോൺ നൽകും. കെ.എസ്.ബി.സി.ഡി.സി ജനറൽ മാനേജർ പി.പി. ജതിൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ രാജേഷ്, കുടുംബശ്രീ ചെയർപേഴ്‌സൺ ഉഷ മോഹൻ, കുടുംബശ്രീ വൈസ് ചെയർപേഴ്‌സൺ മിനി ജോണി, പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.


0 Comments