തിരുവനന്തപുരം. സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടുന്നതിനാൽ വൃദ്ധസദനങ്ങൾ ഉൾപ്പെടെ കെയർ ഹോമിലുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഒരാൾക്ക് കോവിഡ് ബാധിച്ചാൽ കെയർ ഹോമിലുള്ള എല്ലാവരേയും പരിശോധിക്കണം. അല്ലെങ്കിൽ അവർക്ക് രോഗം ഗുരുതരമാകാൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. കോവിഡ് സ്ഥിതി വിലയിരുത്തുന്നതിന് ചേർന്ന ആരോഗ്യ വകുപ്പിന്റേയും ജില്ലാ കളക്ടർമാരുടേയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ വകുപ്പ് സംസ്ഥാനതല, ജില്ലാതല പ്രതിരോധ പ്രവർത്തനങ്ങൾ നേരത്തെ തന്നെ ശക്തമാക്കിയിരുന്നു. സർക്കാർ, സ്വകാര്യ ആശുപത്രികൾ കോവിഡ് രോഗികൾക്ക് പ്രത്യേകമായി കിടക്കകൾ മാറ്റിവയ്ക്കാൻ നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാൽ ചില സ്വകാര്യ ആശുപത്രികൾ ചികിത്സയിലുള്ളവർക്ക് കോവിഡ് ബാധിക്കുമ്പോൾ സർക്കാർ ആശുപത്രിയിലേക്ക് പറഞ്ഞു വിടുന്നെന്ന പരാതിയുണ്ട്. ജില്ലാ കളക്ടർമാർ സ്വകാര്യ ആശുപത്രികളുടെ യോഗം വിളിച്ചുചേർത്ത് നിർദേശം നൽകണമെന്നും മന്ത്രി പറഞ്ഞു.
പ്രമേഹം, രക്തസമ്മർദം തുടങ്ങിയ മറ്റ് രോഗങ്ങളുള്ളവർ, പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ എന്നിവർ മാസ്‌ക് ധരിക്കണം. ആരോഗ്യ പ്രവർത്തകർ എൻ 95 മാസ്‌ക് ധരിക്കണം. ആശുപത്രിയിൽ പോകുന്നവർ കൃത്യമായി മാസ്‌ക് ധരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.


0 Comments