പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ മണിയൻ കിണർ ആദിവാസി കോളനിയിൽ കാട്ടാന ആക്രമണം. കോളനിക്ക് സമീപം മലേക്കണ്ടത്തിൽ പോളിന്റെ വീടിന്റെ മേൽക്കൂര കാട്ടാനകൾ തകർത്തു. വെള്ളിയാഴ്ച പുലർച്ചെ എത്തിയ രണ്ട് കാട്ടാനകൾ വീടിന്റെ പുറകുവശത്തെ മേൽക്കൂര വലിച്ച് താഴെ ഇടുകയായിരുന്നു. ആക്രമണത്തിൽ ഓടിട്ട പുരയുടെ ഒരു ഭാഗം തകർന്നു. മേഖലയിൽ കഴിഞ്ഞ ഒരു മാസമായി കാട്ടാനയുടെ ശല്യം കൂടുതലാണ്. റിസർവോയറിലേക്ക് വെള്ളം തേടിയെത്തിയ ആനകളാണ് ആക്രമങ്ങൾ നടത്തുന്നത്. കഴിഞ്ഞവർഷവും കാട്ടാനക്കൂട്ടം പോളിന്റെ വീട് തകർത്തിരുന്നു. പ്രദേശത്ത് 12 വീടുകൾ ഉണ്ടായിരുന്നതിൽ നിലവിൽ താമസമുള്ളത് രണ്ടെണ്ണത്തിൽ മാത്രമാണ്. ബാക്കിയുള്ളവരെല്ലാം വന്യമൃഗ ശല്യം പേടിച്ച് മാറിപ്പോയി.


0 Comments