പട്ടിക്കാട്. തെരുവുനായയുടെ ആക്രമണത്തിൽ പട്ടിക്കാട് ഹൈവേ ജംഗ്ഷന് സമീപമുള്ള സ്ഥാപനങ്ങളിലെ രണ്ടു പേർക്ക് കടിയേറ്റു. പട്ടിക്കാട് ഇ.വി.യു സെന്റർ ഷോപ്പ് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിക്കും സമീപത്തെ വർക്ക് ഷോപ്പുടമ കണ്ണമ്പ്ര സ്വദേശി ബിനേഷിനുമാണ് കടിയേറ്റത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ് ബിനേഷിനെ തെരുവുനായ കടിച്ചത്. യാതൊരു പ്രകോപനവുമില്ലാതെ നായ പിന്നിലൂടെ വന്ന് കാലിൽ കടിക്കുകയായിരുന്നുവെന്ന് ബിനേഷ് പറഞ്ഞു. ആശുപത്രിയിൽ ചികിത്സ തേടിയ ബിനേഷ് പേവിഷബാധയ്‌ക്കെതിരെയുള്ള കുത്തിവെപ്പ് എടുത്തു കൊണ്ടിരിക്കുകയാണ്. രണ്ടാഴ്ച മുമ്പാണ് ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കട്ടിളപൂവ്വം സ്വദേശിയായ പെൺകുട്ടിക്ക് ഇതേ നായയുടെ കടിയേറ്റത്. ഓഫീസിലേക്കുള്ള കോണിപ്പടികൾ കയറിവന്ന നായ പെൺകുട്ടിയുടെ കാലിൽ കടിക്കുകയായിരുന്നു. ഈ പെൺകുട്ടിയും കുത്തിവെപ്പ് എടുത്തു കൊണ്ടിരിക്കുകയാണ്. ആ പരിസരത്തു തന്നെയുള്ള നായയാണ് ഇരുവരെയും കടിച്ചത്. പട്ടിക്കാട് സെന്ററിലും പരിസര പ്രദേശങ്ങളിലുമായി നിരവധി തെരുവ് നായ്ക്കളാണ് ജനങ്ങൾക്ക് ഭീഷണിയായി അലഞ്ഞു നടക്കുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരെ തെരുവുനായ്ക്കൾ ആക്രമിക്കാൻ ശ്രമിക്കുന്നതായും നാട്ടുകാർ പറഞ്ഞു.

0 Comments