പീച്ചി. വിലങ്ങന്നൂർ വോളി അക്കാദമി സംഘടിപ്പിച്ച പ്രഥമ വോളിബോൾ ലീഗ് ടൂർണമെന്റിൽ വിലങ്ങന്നൂർ സ്പാർട്ടൻ ബോയ്‌സ് ചാമ്പ്യന്മാരായി. സോൾ സിറ്റിയാണ് റണ്ണേഴ്‌സ് അപ്പ്. തണ്ടർ ബോയ്‌സ് മൂന്നാം സ്ഥാനം നേടി. മെയ് 7 ഞായറാഴ്ചയായിരുന്നു ഫൈനൽ. പാണഞ്ചേരി പഞ്ചായത്തിൽ ആദ്യമായാണ് വോളിബോൾ ലീഗ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. പഞ്ചായത്തിലെ മുഴുവൻ വോളിബോൾ താരങ്ങളെയും ഉൾപ്പെടുത്തി ഐപിഎൽ മാതൃകയിൽ ടീമുകൾ താരങ്ങളെ സ്വന്തമാക്കിയാണ് മത്സരങ്ങൾ നടത്തിയത്.
കഴിഞ്ഞ അഞ്ച് ഞായറാഴ്ചകളിലായി വിലങ്ങന്നൂർ എസ്.എൻ ഫ്‌ലഡ്‌ലൈറ്റ് സ്‌റ്റേഡിയത്തിൽ മത്സരങ്ങൾ നടന്നുവരികയായിരുന്നു. 31 മത്സരങ്ങളിലായി ആറ് ടീമുകൾ മാറ്റുരച്ചു. ഫൈനൽ മത്സരങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ നിർവഹിച്ചു. ചെന്നായ്പ്പാറ ദിവ്യഹൃദയാശ്രമം ഡയറക്ടർ ഫാ. ജോഷി കണ്ണമ്പുഴ സമ്മാനദാനം നടത്തി. പഞ്ചായത്തംഗങ്ങളായ ബീന പൗലോസ്, ബാബു തോമസ്, ഷൈജു കുര്യൻ, എസ്എൻഡിപി ശാഖായോഗം പ്രസിഡന്റ് മുരളി പൊങ്ങണാമൂല, സെക്രട്ടറി എ.എൻ മോഹനൻ തുടങ്ങി വിവിധ മേഖലകളിലെ പൊതുപ്രവർത്തകരും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു.
ലീഗ് മത്സരങ്ങളുടെ സംഘാടക മികവിന് നന്ദുലാൽ, റോബിൻ എന്നിവരെ അക്കാദമി ആദരിച്ചു. ബിനോയ് മാന്ദാമംഗലം (ബെസ്റ്റ് ആൾ റൗണ്ടർ) മിഥുൻ വിലങ്ങന്നൂർ (ബെസ്റ്റ് സെറ്റർ) ഷാരോൺ ഷിബു (ബെസ്റ്റ് അറ്റാക്കർ) കസിബ് കൈലാസ് (പ്രോമിസിംഗ് പ്ലെയർ) എന്നിവർ വ്യക്തിഗത ചാമ്പ്യൻഷിപ്പുകളും നേടി.

0 Comments