പട്ടിക്കാട്. തമ്പുരാട്ടിപ്പടി സർവ്വീസ് റോഡ് നിർമ്മാണം സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് കരാർ കമ്പനി കൈയൊഴിഞ്ഞതോടെ സർവ്വീസ് റോഡ് സഞ്ചാരയോഗ്യമാക്കാനുള്ള ശ്രമത്തിലാണ് പ്രദേശവാസികൾ. ഇതോടെ തെക്കുംപാടം, മയിലാട്ടുംപാറ, വഴുക്കുംപാറ തുടങ്ങിയ വാർഡുകളിലെ ജനങ്ങൾ അനുഭവിച്ച യാത്ര ദുരിതത്തിന് താൽക്കാലിക പരിഹാരമാകും.
സർവീസ് റോഡ് സമരസമിതി കൺവീനർ സി.എം. ദാമോദരൻ, പഞ്ചായത്തംഗം എം.ജെ അനീഷ്, മുരളി പട്ടിയിൽ, സാബു എടപ്പാട്ട് എന്നിവരുടെ നേതൃത്വത്തിൽ സർവ്വീസ് റോഡ് പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ദേശീയപാത പ്രൊജക്ട് ഡയറക്ടർ, പീച്ചി സ്‌റ്റേഷൻ എസ്.ഐ എന്നിവർക്ക് മാസ്സ് പെറ്റീഷൻ നൽകിയിരുന്നു. തുടർന്ന് ദേശീയപാത പ്രൊജക്ട് മാനേജറുമായി നടത്തിയ ചർച്ചയിൽ തമ്പുരാട്ടിപടി സർവ്വീസ് റോഡ് പദ്ധതി ചെയ്ഞ്ച് ഓഫ് സ്‌കോപ്പിൽ ആണെന്നും ഡൽഹിയിൽ നിന്നും അനുമതി ലഭിച്ചാൽ മാത്രമെ സർവ്വീസ് റോഡ് നിർമ്മാണം ആരംഭിക്കാൻ സാധിക്കു എന്നും പറഞ്ഞു.
എന്നാൽ ജനങ്ങളുടെ ദുരിത യാത്ര കണക്കിലെടുത്ത് താൽക്കാലിക സംവിധാനം എന്ന നിലയിൽ മൺറോഡ് നിർമ്മിച്ച് കോറി വേസ്റ്റ് നിരത്തി നൽകണമെന്ന് സർവ്വീസ് റോഡ് സമരസമിതി ആവശ്യപ്പെട്ടെങ്കിലും സർവ്വീസ് റോഡിന് തടസ്സമായി നിൽക്കുന്ന കോൺക്രീറ്റ് ബ്ലോക്കുകൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള ക്രെയിൻ ഒഴികെ മറ്റ് മെഷിനറികൾ ഇല്ല എന്നാണ് കരാർ കമ്പനി നാട്ടുകാരെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നാട്ടുകാരുടെ നേതൃത്വത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്. ഇതിനുള്ള പണവും നാട്ടുകാർ തന്നെ സ്വരൂപിക്കണം.


0 Comments