മലയോര ഹൈവേ ഒന്നാം ഘട്ട നിർമ്മാണോദ്ഘാടനം മന്ത്രി കെ.രാജൻ നിർവഹിച്ചു


പട്ടിക്കാട്. ഒല്ലൂർ നിയോജക മണ്ഡലത്തിൽ മലയോര ഹൈവേയുടെ പീച്ചി റോഡ് ജംഗ്ഷൻ മുതൽ വിലങ്ങന്നൂർ വരെയുള്ള ആദ്യ റീച്ചിന്റെ നിർമ്മാണ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ നിർവ്വഹിച്ചു. മലയോര ഹൈവേ നിർമ്മാണത്തിനായി പണം നൽകി സ്ഥലം ഏറ്റെടുക്കുന്ന സംവിധാനം നിലവിൽ ഇല്ലെന്നും കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ മലയോര ഹൈവേ നിർമ്മാണത്തിന് സ്ഥലം ഏറ്റെടുത്തത് പണം നൽകിയിട്ടല്ലെന്നും അദ്ദേഹം പറഞ്ഞു. വിലങ്ങന്നൂർ മുതൽ വെള്ളിക്കുളങ്ങര വരെയുള്ള പ്രദേശങ്ങളിൽ സ്ഥലം വിട്ടുകിട്ടിയാൽ 30.925 കിലോമീറ്റർ ദൂരത്തിൽ 136.49 കോടി രൂപ ചിലവിട്ട് രണ്ട് പാലങ്ങൾ ഉൾപ്പെടെയുള്ള മലയോര ഹൈവേയുടെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. 

പട്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്ത് നടന്ന ചടങ്ങുകൾക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി അധ്യക്ഷത വഹിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം കെ.വി. സജു, പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാന്ദൻ, കേരള റോഡ് ഫണ്ട് ബോർഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ബിന്ദു പരമേശ്, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഇ.ഐ. സജിത്ത്, അസിസ്റ്റന്റ് എൻജിനീയർ മാത്സൺ മാത്യൂ, പ്രൊജക്ട് എഞ്ചിനീയർ അനിൽ വിത്സൻ, സൈറ്റ് സൂപ്പർവൈസർ ഡിക്‌സൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഒല്ലൂർ നിയോജകമണ്ഡലത്തിലെ രണ്ട് റീച്ചുകളിൽ ആദ്യ റീച്ചിന്റെ നിർമ്മാണമാണ് നിലവിൽ നടക്കുന്നത്. പീച്ചി റോഡ് ജങ്ഷൻ മുതൽ വിലങ്ങന്നൂർ വരെ 5.4 കിലോമീറ്റർ ദൂരമാണ് ഇപ്പോൾ നിർമ്മിക്കുക. ഇതിനായി 21.05 കോടി രൂപയുടെ സാങ്കേതിക അനുമതിയാണ് നൽകിയിട്ടുള്ളത്. പദ്ധതിയുടെ നിർമ്മാണ ഘട്ടത്തിൽ റോഡിൽ നിലവിലുള്ള യൂട്ടിലിറ്റികൾ മാറ്റി സ്ഥാപിക്കുന്നതിന് 88 ലക്ഷം രൂപ വാട്ടർ അതോറിറ്റിയിലും 13 ലക്ഷം രൂപ കെ.എസ്.ഇ.ബി യിലും മാത്രമായി വകയിരുത്തിയിട്ടുണ്ട്.

ഒന്നാം ഘട്ട ടാറിങ്ങിനു മുന്നോടിയായി പീച്ചി ഡാം റോഡിൽ ഇന്നലെ ആൽപ്പാറ മുതൽ പള്ളിക്കണ്ടം വരെ പരീക്ഷണ ടാറിങ് നടത്തിയിരുന്നു. പാണ്ടിപ്പറമ്പിൽ പുതിയതായി ആരംഭിച്ച ടാറിങ് മിക്‌സിങ് യൂണിറ്റിൽ നിന്ന് കൊണ്ടുവന്ന ഡെൻസ് ബിറ്റുമിൻ മെക്കാഡം ഉപയോഗിച്ചാണ് ട്രയൽ ടാറിങ് നടത്തിയത്. ഹൈവേ നിർമ്മാണത്തിനും ഡെൻസ് ബിറ്റുമിൻ മെക്കാഡാം ടാറിങ് ആണ് നടത്തുന്നത്.കേരള റോഡ് ഫണ്ട് ബോർഡിന്റെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുക. ആസ്മാസ് കൺസ്ട്രക്ഷന് ആണ് നിർമ്മാണ ചുമതല.




Post a Comment

0 Comments