പട്ടിക്കാട്. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി 2000 കുളങ്ങൾ സജ്ജമാക്കൽ എന്ന പദ്ധതിയിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ നിർമ്മിച്ച കുളങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി. പതിനാറാം വാർഡ് കണ്ണാറയിൽ ഒരപ്പൻപാറയിൽ എൽദോ മത്തായിയുടെ കൃഷിയിടത്തിൽ നടന്ന പരിപാടി പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിദഗ്ദ തൊഴിലാളികൾക്ക് മാത്രം ചെയ്യാവുന്ന നിർമ്മാണ പ്രവർത്തനങ്ങളാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലുറപ്പ് പദ്ധതികൾക്കെതിരെ കേന്ദ്ര സർക്കാർ പ്രതികൂല നിലപാടുകൾ സ്വീകരിക്കുമ്പോഴും സംസ്ഥാന സർക്കാരിന്റെ പൂർണ്ണ പിന്തുണ തൊഴിലുറപ്പ് തൊഴിലാളികൾക്ക് എന്നും ഉണ്ടാകുമെന്നും പി.പി. രവീന്ദ്രൻ പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇ.ടി. ജലജൻ, വാർഡ് മെമ്പർ രേഷ്മ സജീഷ്, പഞ്ചായത്തംഗം എം.ജെ അനീഷ്, വില്ലേജ് എക്‌സറ്റൻഷൻ ഓഫീസർ സിബി തോമസ്, തൊഴിലുറപ്പ് ഓവർസിയർമാരായ ശീതൾ, ജോഫി, അസി. എഞ്ചിനീയർ ജിതിൻ, സോമൻ കൊളപ്പാറ, കെ.കെ. സുബ്രഹ്മണ്യൻ, മേറ്റ് ഭവാനി തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
275 തൊഴിൽ ദിനങ്ങൾ ഉപയോഗപ്പെടുത്തി 99294 രൂപ ചിലവഴിച്ചാണ് കുളത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഇതിൽ 3 മീറ്റർ താഴ്ചയിൽ 7.5 മീറ്റർ വീതിയിലും നീളത്തിലും 85 സക്വയർ മീറ്റർ കയർ ഭൂവസ്ത്രം വിരിച്ച് വശങ്ങൾ സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ജലസംരക്ഷണവും കൃഷി ആവശ്യങ്ങൾക്ക് ജലം കണ്ടെത്തുക അതാണ് പദ്ധതിയുടെ ലക്ഷ്യം. പരിപാടിയിൽ 12 തൊഴിലുറപ്പ് തൊഴിലാളികളെ ആദരിക്കുകയും ചെയ്തു.


0 Comments