പട്ടിക്കാട്. ഗജവീരൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ തലയെടുപ്പിൽ ആഘോഷമായി എടപ്പലം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം. ഭഗവാന്റെ തിടമ്പേറ്റി രാമചന്ദ്രനും ഒപ്പം മാവേലിക്കര ഗണപതിയും അക്കിക്കാവ് കാർത്തികേയനും അണിനിരന്നപ്പോൾ ഭക്തജനങ്ങൾക്കും നാട്ടുകാർക്കും പ്രതിഷ്ഠാദിന മഹോത്സവം അവിസ്മരണീയ അനുഭവമായി മാറി. രാവിലെ 5ന് നടതുറപ്പിനു ശേഷം നിർമ്മാല്യ ദർശനത്തോടെ പ്രതിഷ്ഠാദിന ചടങ്ങുകൾക്ക് തുടക്കമായി. വിവിധ പൂജകൾക്കും അഭിഷേകങ്ങൾക്കും ശേഷം 11 മണിക്ക് പ്രസാദ ഊട്ട് തുടങ്ങി. ഉച്ചകഴിഞ്ഞ് 3 മണിക്ക് ആൽപ്പാറ ചെറുവളപ്പ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും പൂരം എഴുന്നള്ളിപ്പ് ആരംഭിച്ചു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ രാജകീയമായ വരവിന് സാക്ഷ്യം വഹിക്കാൻ നിരവധി ആരാധകരാണ് വഴിയോരങ്ങളിൽ കാത്തുനിന്നത്. നാലരയോടെ ആരംഭിച്ച കൂട്ടിയെഴുന്നള്ളിപ്പിന് മേള പ്രമാണി കിഴക്കൂട്ട് അനിയൻ മാരാരുടെ പാണ്ടിമേളം നിറഞ്ഞാടി. വൈകിട്ട് 6.30ന് ദീപാരാധന, നിറമാല, ചുറ്റുവിളക്ക് എന്നിവയും രാത്രി എട്ടിന് അത്താഴ പൂജയും ഉണ്ടായിരുന്നു. അമ്പലപ്പുഴ വിജയകുമാറിന്റെ സോപാന സംഗീതവും, ചെമ്പൂത്ര ശ്രീകൃഷ്ണ ഭജന സംഘത്തിന്റെ ഭജനയും ഉത്സവത്തിന് മാറ്റുകൂട്ടി. രാത്രി 8 മണി മുതൽ സീനിയേഴ്‌സിന്റെ സ്‌പെഷൽ ശിങ്കാരിമേളവും ഉണ്ടായിരുന്നു.


0 Comments