രൂക്ഷമായ വെള്ളക്കെട്ട്: പാണഞ്ചേരി ചെമ്പൂത്ര നീർച്ചാൽ വൃത്തിയാക്കി


പട്ടിക്കാട്. മഴക്കാലത്ത് രൂക്ഷമായ വെള്ളക്കെട്ട് അനുഭവിക്കുന്ന ചിറക്കുന്ന് വാർഡിലെ പാണഞ്ചേരി ചെമ്പൂത്ര നീർച്ചാൽ വൃത്തിയാക്കി. പഞ്ചായത്തംഗം ഷൈലജ വിജയകുമാറിന്റെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് ചാൽ വൃത്തിയാക്കിയത് . ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് മേഖലയിൽ നീർച്ചാലുകൾ പലയിടത്തും മൂടിപ്പോയതുകൊണ്ട് മുൻവർഷങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടിരുന്നു. 

മുടിക്കോട് ഇമ്മട്ടി പറമ്പ് മേഖലയിൽ നിന്നും വരുന്ന മഴവെള്ളം ഒഴുകി പോരുന്ന നീർച്ചാൽ ആയിരുന്നു ഇത്. മുടിക്കോട് മുതൽ ചെമ്പൂത്ര വരെ റോഡിന്റെ തെക്കുഭാഗത്തുള്ള ഒരു കിലോമീറ്റർ ദൈർഘ്യത്തിലുള്ള നീർച്ചാൽ ആണ് വൃത്തിയാക്കിയത്. ഇതോടെ മഴക്കാലത്ത് വെള്ളക്കെട്ട് ശാശ്വതമായി പരിഹരിക്കാൻ കഴിയുമെന്ന് പ്രതീക്ഷയിലാണ് അധികൃതർ. മുൻവർഷങ്ങളിൽ വെള്ളക്കെട്ട് മൂലം ഗതാഗത പ്രശ്‌നങ്ങളും പകർച്ചവ്യാധികളും മേഖലയിൽ സ്ഥിരം സംഭവമായിരുന്നു. രൂക്ഷമായ വെള്ളക്കെട്ടിനെ തുടർന്ന് വീടിനകത്തേക്ക് പ്രവേശിക്കാൻ കഴിയാതെ നിരവധി കുടുംബങ്ങൾ  ഒഴിഞ്ഞുപോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.



Post a Comment

0 Comments